ലൈംഗികാതിക്രമം, ബ്ലാക്ക്മെയിൽ; കർണാടകയിൽ ബി.ജെ.പി നേതാവിനെതിരെ കേസ്
|ബെംഗളുരുവിലെ ഒരു ഹോട്ടലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ബെംഗളൂരു: കർണാടകയിൽ ബി.ജെ.പി നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്. അരുൺ കുമാർ പുത്തില എന്ന നേതാവിനെതിരെയാണ് 47കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
2023 ജൂണിൽ ബെംഗളുരുവിലെ ഒരു ഹോട്ടലിൽ വച്ച് പുത്തില ലൈംഗികമായി പീഡിപ്പിച്ചെന്നും ഈ ദൃശ്യങ്ങൾ പകർത്തിയ ശേഷം നിരന്തരം ബ്ലാക്ക്മെയിൽ ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് സ്ത്രീ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ വനിതാ പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
നേരത്തെ പുത്തൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ വിമത സ്ഥാനാർഥിയായി മത്സരിച്ചിരുന്നയാളായിരുന്നു അരുൺ കുമാർ. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിൽ ചേരുകയായിരുന്നു.
അതേസമയം, 14കാരിയെ പീഡിപ്പിച്ച കേസിൽ ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലാണ് സംഭവം. സാൾട്ട് മേഖലയിലെ ബി.ജെ.പി ബ്ലോക്ക് പ്രസിഡന്റായ ഭഗവന്ത് സിങ് ബോറയാണ് അറസ്റ്റിലായത്.
ആഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയതായി എസ്.എസ്.പി പറഞ്ഞു. അറസ്റ്റിന് പിന്നാലെ ബോറയെ പാർട്ടിയിൽ സസ്പെൻഡ് ചെയ്തതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര ഭട്ട് പറഞ്ഞു.
അതേസമയം, ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പി സർക്കാർ നേതാക്കൾക്ക് സ്ത്രീകളെ ആക്രമിക്കാൻ ലൈസൻസ് നൽകിയിരിക്കുകയാണെന്ന് പി.സി.സി അധ്യക്ഷൻ കരൺ മഹാര പറഞ്ഞു.