India
Rahul Gandhi_bjp mla
India

'രാഹുൽ ഗാന്ധിയെ പാർലമെന്റിനകത്തിട്ട് തല്ലണം'; കർണാടക ബിജെപി എംഎൽഎക്കെതിരെ കേസ്

Web Desk
|
10 July 2024 2:00 PM GMT

കർണാടകയിലെ ബിജെപി എംഎൽഎ ഭരത് ഷെട്ടിക്കെതിരെയാണ് കേസ്

ഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ കർണാടകയിലെ ബിജെപി എംഎൽഎ ഭരത് ഷെട്ടിക്കെതിരെ കേസ്. മംഗളൂരു സിറ്റി കോർപ്പറേഷനിലെ കോൺഗ്രസ് പ്രവർത്തകൻ കെ അനിൽ നൽകിയ പ്രതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാവൂർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞ് ഭരത് ഷെട്ടി എംഎൽഎ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. ഷെട്ടിക്കെതിരെ കോൺഗ്രസ് പാർട്ടി പ്രവർത്തകരും നേതാക്കളും രൂക്ഷ വിമർശനം തുടരുകയാണ്.

ഞായറാഴ്ച സൂറത്ത്കലിൽ നടന്ന ഒരു സമ്മേളനത്തിലാണ് കേസിനാസ്പദമായ പ്രസ്താവന എംഎൽഎ നടത്തിയത്. രാഹുൽ ഗാന്ധിയെ പാർലമെന്റിനുള്ളിൽ അറസ്റ്റ് ചെയ്‌ത്‌ തള്ളണമെന്നായിരുന്നു എംഎൽഎ പറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) വർക്കിംഗ് പ്രസിഡൻ്റ് മഞ്ജുനാഥ് ഭണ്ഡാരി വാർത്താസമ്മേളനത്തിൽ ബിജെപി എംഎൽഎയെ പരിഹസിച്ചു. "അദ്ദേഹം എങ്ങനെ പാർലമെൻ്റിൽ പ്രവേശിക്കും? പ്രതിപക്ഷ നേതാവിനെ ആക്രമിക്കാൻ ആയുധം എടുക്കുമോ? ഷെട്ടി തീവ്രവാദിയാണോ?" എന്നും മഞ്ചുനാഥ്‌ ഭണ്ഡാരി ചോദിച്ചു. ഭരത് ഷെട്ടിക്ക് കോൺഗ്രസ് പാർട്ടിയിലെ ഒരു സാധാരണ പ്രവർത്തകനോട് നേരിട്ട് സംസാരിക്കാൻ പോലും കഴിയില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാക്കളുടെയും നിയമസഭാംഗങ്ങളുടെയും പൊട്ടിത്തെറിയുടെ പ്രധാന കാരണം രാഹുൽ ഗാന്ധിയെ 'ബാലക് ബുദ്ധി' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ഈ പദപ്രയോഗം ഒഴിവാക്കണമെന്നും മഞ്ജുനാഥ്‌ പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് സർക്കാരിൻ്റെ സാന്നിധ്യം അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ബിജെപി കലാപത്തിന് പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചു

Similar Posts