India
അമ്മയെ 10 വർഷത്തോളം പൂട്ടിയിട്ട റിട്ട.പൊലീസ് ഇൻസ്‌പെക്ടർക്കും സഹോദരനുമെതിരെ കേസ്
India

അമ്മയെ 10 വർഷത്തോളം പൂട്ടിയിട്ട റിട്ട.പൊലീസ് ഇൻസ്‌പെക്ടർക്കും സഹോദരനുമെതിരെ കേസ്

Web Desk
|
18 April 2022 4:02 AM GMT

വീടിനുള്ളിൽ നഗ്നയായി കിടക്കുന്ന 72 കാരിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറംലോകമറിഞ്ഞത്‌

തഞ്ചാവൂർ: അമ്മയെ 10 വർഷത്തോളം വീട്ടിൽ പൂട്ടിയിട്ട റിട്ട.പൊലീസ് ഇൻസ്‌പെക്ടർക്കും സഹോദരനുമെതിരെ കേസെടുത്തു. ചെന്നൈയിൽ പൊലീസ് ഇൻസ്‌പെക്ടറായി ജോലി ചെയ്ത ഷൺമുഖസുന്ദരം(50) പട്ടുകോട്ടയിലെ ദൂരദർശൻ ജീവനക്കാരനായ ഇളയ സഹോദരൻ വെങ്കിടേശൻ (45) എന്നിവർക്കെതിരെയാണ് മെയിന്റനൻസ് ആൻഡ് വെൽഫെയർ സെക്ഷൻ 24 പ്രകാരംകേസെടുത്തത്. മാതാവ് ജ്ഞാനജ്യോതിയെ (72) സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. വീടിന്റെ താക്കോൽ ചോദിച്ചപ്പോൾ രണ്ടുമക്കളും നൽകാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ പൂട്ടുപൊളിച്ച് അകത്ത് കടന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

പത്തുവർഷമായി മക്കൾ ഇവരെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. വിശക്കുമ്പോൾ ജ്ഞാനജ്യോതി അലാറം മുഴക്കും. ഇത് കേൾക്കുന്ന അയൽവാസികളാണ് പൂട്ടിക്കിടക്കുന്ന വീട്ടിലേക്ക് പഴവും ബിസ്‌കറ്റും വെള്ളവുമൊക്കെ എറിഞ്ഞുകൊടുത്തതെന്ന് പൊലീസ് പറഞ്ഞു. അതിനിടയിലാണ് വീടിനുള്ളിൽ ജ്ഞാനജ്യോതി നഗ്നയായി കിടക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. തുടർന്ന് ഒരു അജ്ഞാതൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും വയോധികയെ രക്ഷപ്പെടുത്തുകയും ചെയ്തത്. ഇവരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ജില്ല കലക്ടർ ദിനേശ് പൊൻരാജ് ഒലിവർ പറഞ്ഞു. അതേ സമയം അമ്മയുടെ പെൻഷൻ തുകയായ 30,000 രൂപ വെങ്കിടേശനാണ് കൈപറ്റിയിരുന്നതെന്ന് ഷൺമുഖൻ മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts