India
India
ഹിജാബ് ധരിക്കാൻ അനുവദിച്ചില്ല; ഹൈദരാബാദിൽ സ്വകാര്യ സ്കൂളിനെതിരെ കേസ്
|24 Jun 2023 10:39 AM GMT
ഹയാത്ത്നഗറിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനും അധ്യാപികക്കും എതിരെയാണ് കേസെടുത്തത്.
ഹൈദരാബാദ്: വിദ്യാർഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിച്ചില്ലെന്ന പരാതിയിൽ ഹൈദരാബാദിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു. പത്താം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർഥിനികളുടെ പരാതിയിലാണ് ഹയാത്ത്നഗറിലെ സ്വകാര്യ സ്കൂളിനെതിരെ പൊലീസ് കേസെടുത്തത്.
ജൂൺ 12ന് ക്ലാസ് തുടങ്ങിയത് മുതൽ 22 വരെ ഹിജാബ് ധരിച്ചാണ് കുട്ടികൾ സ്കൂളിലെത്തിയിരുന്നത്. പിന്നീട് പ്രിൻസിപ്പലും അധ്യാപികയും ഹിജാബ് ധരിക്കരുതെന്ന് ഇവരോട് ആവശ്യപ്പെടുകയായിരുന്നു. പല തവണ ഇത് ആവർത്തിച്ചപ്പോഴാണ് ഒരു പെൺകുട്ടി പരാതി നൽകിയതെന്ന് ഹയാത്ത്നഗർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ശ്രീനിവാസുലു പറഞ്ഞു.
ഐ.പി.സി സെക്ഷൻ 153എ, 295, 292 വകുപ്പുകൾ പ്രകാരമാണ് പ്രിൻസിപ്പൽ പൂർണിമ ശ്രീവാസ്തവ, അധ്യാപികയായ മാധുരി കവിത എന്നിവർക്കെതിരെ കേസെടുത്തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.