ആശുപത്രി ഡീനിനെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ച സംഭവം ; ശിവസേന എം.പിക്കെതിരെ കേസ്
|ആശുപത്രിയില്‍ എത്തിയ എം.പി വൃത്തിഹീനമായ കക്കൂസ് കണ്ടതോടെ ഡീനായ ശ്യാമറാവു വകോഡിനോട് ഇതു വൃത്തിയാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു
ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്ര നന്ദേഡ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡീനിനെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ച സംഭവത്തില്‍ ശിവസേന എം.പിക്കെതിരെ കേസ്. ഹേമന്ത് പാട്ടീലിനെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അപകീർത്തിപ്പെടുത്തിയതിനും ആക്ടിങ് ഡീൻ എസ്.ആർ വാകോഡ് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
ആശുപത്രിയില്‍ എത്തിയ എം.പി വൃത്തിഹീനമായ കക്കൂസ് കണ്ടതോടെ ഡീനായ ശ്യാമറാവു വകോഡിനോട് ഇതു വൃത്തിയാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഡീനോട് വൃത്തിയാക്കാന്‍ പറയുകയും എം.പി പൈപ്പില്‍ നിന്ന് വെള്ളം ഒഴിച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഡീന്‍ കക്കൂസ് ബ്രഷ് ഉപയോഗിച്ചു കഴുകുകയായിരുന്നു.ചൂലുപയോഗിച്ച് ശുചിമുറി വൃത്തിയാക്കുന്ന ഡീനിന്റെ ചിത്രങ്ങൾ സഹിതം വാർത്തകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇയാൾക്കെതിരെ ജോലി തടസ്സപെടുത്തൽ, ബലപ്രയോഗം, അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ എന്നിവ പാട്ടീലിനെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം മഹാരാഷ്ട്രയിലെ ആശുപത്രികളിലെ കൂട്ടമരണങ്ങളിൽ പ്രതിഷേധം ശക്‌തമാണ്.നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 31 രോഗികളും ഔറംഗാബാദിലെ ഗാട്ടി ആശുപത്രിയിൽ 10 രോഗികളുമാണ് മരിച്ചത്.അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചത് ഒഴിച്ചാല്‍ മറ്റൊരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മരണമല്ല സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകങ്ങളാണ് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നുകള്‍ ഇല്ലാത്തതാണ് മരണ കാരണമെന്ന് ആരോപണമുയർന്നിരുന്നു. അതേസമയം ജീവൻരക്ഷാ മരുന്നുകൾക്ക് ലഭ്യതക്കുറവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.