മുസ്ലിങ്ങൾ കടയൊഴിയണമെന്ന് ഭീഷണി; പുരോലയിൽ പോസ്റ്റർ പതിച്ചതിൽ സ്വാമി ദർശൻ ഭാരതിക്കെതിരെ കേസ്
|ഉത്തരാഖണ്ഡിൽ സംഘ്പരിവാർ സംഘടനകൾ ഇന്ന് നടത്താനിരുന്ന മഹാപഞ്ചായത്തിന് ആഹ്വനം ചെയ്തതും സ്വാമി ദർശൻ ഭാരതിയാണ്
ഡൽഹി: ഉത്തരാഖണ്ഡ് പുരോലയിൽ മുസ്ലിങ്ങൾ കട ഒഴിയണമെന്ന് പോസ്റ്റർ പതിച്ചതിന് കേസ്. ദേവഭൂമി രക്ഷാ അഭിയാൻ അധ്യക്ഷൻ സ്വാമി ദർശൻ ഭാരതിക്കെതിരെയാണ് കേസ്. പോസ്റ്റർ പതിച്ചതിന് പിന്നാലെയാണ് പുരോലയിൽ അക്രമം നടന്നത്.പുരോലയിൽ സംഘ്പരിവാർ സംഘടനകൾ ഇന്ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന മഹാപഞ്ചായത്ത് തടയണമെന്ന് ഹരജി ഉത്തരാഖണ്ഡ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ ആഴ്ചയാണ് മുസ്ലിങ്ങൾ പുരോലയിൽ നിന്ന് കടയൊഴിഞ്ഞ് സ്ഥലംവിട്ട് പോകണമെന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വാമി ദർശൻ ഭാരതിയുടെ നേതൃത്വതിലായിരുന്നു പോസ്റ്ററുകൾ പതിച്ചത്. ജൂൺ 11നുള്ളിൽ കടകൾ ഒഴിഞ്ഞ് പോയില്ലെങ്കിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്നും പോസ്റ്ററിൽ ഭീഷണിയുണ്ടായിരുന്നു.
ഇതിനെ തുടർന്നാണ് പുരോലയിൽ വ്യാപക അക്രമം ഉണ്ടായത്. നിരവധി കുടുംബങ്ങൾ ഗ്രാമങ്ങൾ വിട്ടുപോകുന്നതിനും ഇടയാക്കി. തുടർന്നാണ് പോലീസിന്റെ നടപടി. ഉത്തരാഖണ്ഡിൽ സംഘ്പരിവാർ സംഘടനകൾ ഇന്ന് നടത്താനിരുന്ന മഹാപഞ്ചായത്തിന് ആഹ്വനം ചെയ്തതും സ്വാമി ദർശൻ ഭാരതിയാണ്. എന്നാൽ, സ്വാമിയെ ഒരു കാരണവശാലും പുരോലയിലേക്ക് അയക്കില്ലെന്നാണ് ഉത്തരാഖണ്ഡ് പോലീസ് പറയുന്നത്. സ്വാമിയുടെ വീടിന് മുന്നിൽ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, മഹാപഞ്ചായത്ത് തടയണമെന്ന ഹരജി ഉത്തരാഖണ്ഡ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. എപിസിആർ നൽകിയ ഹരജിയാണ് കോടതി അടിയന്തരമായി പരിഗണിക്കുന്നത്. ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതിയാണ് നിർദ്ദേശം നൽകിയത്. മഹാപഞ്ചായത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടുണ്ട്. പുരോലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.