India
ചന്ദ്രനിലെ ആദ്യ ചിത്രം; ചായ അടിക്കുന്നയാളുടെ ചിത്രം പങ്കുവെച്ച പ്രകാശ് രാജിനെതിരെ കേസ്
India

'ചന്ദ്രനിലെ ആദ്യ ചിത്രം'; ചായ അടിക്കുന്നയാളുടെ ചിത്രം പങ്കുവെച്ച പ്രകാശ് രാജിനെതിരെ കേസ്

Web Desk
|
22 Aug 2023 9:38 AM GMT

ഹിന്ദു സംഘടനാ നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്

ബാഗൽകോട്ട്: ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യമായ ചന്ദ്രയാൻ മൂന്നിനെ പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടി നടൻ പ്രകാശ് രാജിനെതിരെ കേസ്. ഹിന്ദു സംഘടന നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസാണ് കേസെടുത്തത്.'ബ്രേക്കിങ് ന്യൂസ്,വിക്രം ലാൻഡർ എടുത്ത ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം' എന്ന അടിക്കുറിപ്പോടെയാണ് പ്രകാശ് രാജ് ചായ അടിക്കുന്ന ഒരാളുടെ ചിക്രം എക്‌സിൽ പങ്കുവെച്ചത്. ഷർട്ടും ലുങ്കിയും ധരിച്ച ഒരാൾ ചായ പകരുന്ന ഒരു കാരിക്കേച്ചറായിരുന്നു പ്രകാശ് രാജ് പങ്കിട്ടത്.

ഇതിനെതിരെ വലിയ വിമർശനമായിരുന്നു ഉയർന്നിരുന്നത്. ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെയാണ് നടൻ പരിഹസിച്ചതെന്നായിരുന്നു ചിലരുടെ കമന്റ്. ചന്ദ്രയാൻ 3 ഇന്ത്യയുടെ അഭിമാനമാണെന്നും അന്ധമായ വിദ്വേഷത്തിനുള്ള ഉപകരണമല്ലെന്നും ചിലർ ട്വീറ്റ് ചെയ്തു. മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ ഐ.എസ്.ആർ.ഒയെ പരിഹസിക്കരുതെന്നും ഇത് ബി.ജെ.പിയുടെ മിഷനല്ലെന്നുമായിരുന്നു ചിലരുടെ വിമർശനം.

അതേസമയം, വിമർശനങ്ങൾക്ക് പ്രകാശ് രാജ് മറുപടിയുമായെത്തിയിരുന്നു. തന്റെ ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നെന്നാണ് പ്രകാശ് രാജ് എക്‌സിലൂടെ വിശദീകരിച്ചത്. ' വെറുപ്പ് വെറുപ്പിനെ മാത്രമേ കാണൂ. നീല്‍ ആംസ്‌ട്രോങിന്റെ കാലത്തുള്ള തമാശയാണ് പറഞ്ഞത്. കേരളത്തിലെ ചായവിൽപനക്കാരനെയാണ് ആഘോഷിച്ചത്. ട്രോളുകൾ ഏത് ചായ വിൽപനക്കാരനെയാണ് കണ്ടത്' എന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി. നേരത്തെ പോസ്റ്റ് ചെയ്ത ചിത്രം റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രകാശ് രാജ് മറുപടി പറഞ്ഞത്. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്ടാഗാണ് അദ്ദേഹം കുറിപ്പിൽ നൽകിയിരുന്നത്.



Similar Posts