സിഖ് കർഷകരെ ഖാലിസ്ഥാനികളെന്ന് വിളിച്ചതിന് കങ്കണക്കെതിരെ കേസ്
|സാമൂഹിക മാധ്യമങ്ങളിൽ തങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതായി കാണിച്ച് സിഖ് സമുദായാംഗങ്ങൾ നൽകിയ പരാതിയിലാണ് നടപടി
സിഖ് കർഷകരെ ഖാലിസ്ഥാനികളെന്ന് വിളിച്ചതിന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ മുംബൈ സബർബൻ ഖാർ പൊലിസ് കേസെടുത്തു. ഏതെങ്കിലും വർഗത്തിന്റെ മതത്തേയോ വിശ്വാസത്തേയോ അവഹേളിച്ച് വികാരങ്ങളെ വൃണപ്പെടുത്തുന്ന മനപ്പൂർവ ശ്രമങ്ങൾക്കെതിരെയുള്ള 295 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിൽ തങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതായി കാണിച്ച് സിഖ് സമുദായാംഗങ്ങൾ നൽകിയ പരാതിയിലാണ് നടപടി. മുംബൈ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന 47 കാരൻ അമർജിത്ത് സിങ് സൻദു, ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെൻറ് കമ്മിറ്റി, ശിരോമണി അകാലിദൾ നേതാക്കൾ എന്നിവരാണ് പരാതി നൽകിയിരുന്നത്.
കങ്കണ കിസാൻ മോർച്ചയിലെ കർഷകരുടെ സമരത്തെ ഖാലിസ്ഥാനി മൂവ്മെൻറായും സിഖ് സമുദായത്തെ ഖാലിസ്ഥാൻ തീവ്രവാദികളായും മനഃപൂർവം ചിത്രീകരിച്ചതായി പരാതിയിൽ പറഞ്ഞു. സിഖ് സമുദായത്തിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനിൽ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി(ഡിഎസ്ജിഎംസി) പരാതി നൽകിയിരുന്നു. 1984ലെ സിഖ് കൂട്ടക്കൊല ഓർമിപ്പിച്ച കങ്കണ സംഭവം അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ആസൂത്രിതമായ നീക്കമാണെന്ന് സൂചിപ്പിക്കുകയും അന്ന് സിഖുകാർ ഇന്ദിരയുടെ ഷൂവിനു താഴെ ചവിട്ടിയരക്കപ്പെട്ടെന്ന പറയുകയും ചെയ്തിരുന്നു.
ഡൽഹി ഗുരുദ്വാര കമ്മിറ്റി അധ്യക്ഷനും ശിരോമണി അകാലിദൾ നേതാവുമായ മഞ്ചീന്ദർ സിങ് സിർസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്. വിഷയം ഉന്നയിച്ച് അഡീഷനൽ പൊലീസ് കമ്മിഷണർ സന്ദീപ് കാർണിക്കിനെ സംഘം കാണുകയും ചെയ്തിരുന്നു. വിവാദ കാർഷിക നയങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചതിൽ പ്രതികരണവുമായും നടി രംഗത്തെത്തിയിരുന്നു. നാണക്കേടും അനീതിപരവുമാണ് നടപടിയെന്ന് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് ഏകാധിപത്യമാണ് പരിഹാരമെന്നും അഭിപ്രായപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിച്ച നടപടിയെ തെരുവുപോരാട്ടത്തിന്റെ ശക്തിയായി സൂചിപ്പിച്ചുകൊണ്ടുള്ള ട്വീറ്റ് പശ്ചാത്തല ചിത്രമായി നൽകിയായിരുന്നു കങ്കണയുടെ പ്രതികരണം. സങ്കടകരവും ലജ്ജാകരവും തീർത്തും അനീതിപരവുമാണ് നടപടിയെന്ന് കങ്കണ അഭിപ്രായപ്പെട്ടു. ''പാർലമെന്റിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കു പകരം തെരുവിലെ ജനങ്ങൾ നിയമം നിർമിക്കാൻ തുടങ്ങുകയാണെങ്കിൽ ഇതുമൊരു ജിഹാദി രാജ്യമാണ്. അതങ്ങനെത്തന്നെയാകണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം അഭിനന്ദനങ്ങൾ''-സ്റ്റോറിയിൽ പറഞ്ഞു.
വയോധികയെ കുറിച്ച് നൂറു രൂപക്ക് സമരത്തിന് ലഭിക്കുമെന്ന് ട്വീറ്റ് നടത്തിയതിന് കഴിഞ്ഞ വർഷം കങ്കണ മാപ്പു പറയാൻ നിർദേശിക്കപ്പെട്ടിരുന്നു. ഇതിനെതിരെ ഡിഎസ്ജിഎംസി വക്കീൽ നോട്ടീസയക്കുകയായിരുന്നു.