India
Case filed against man who entered-the-pitch-as support Palestine
India

ഫലസ്തീന് പിന്തുണയർപ്പിച്ച് ​ഗ്രൗണ്ടിലിറങ്ങിയ യുവാവിനെതിരെ കേസെടുത്തു

Web Desk
|
20 Nov 2023 9:33 AM GMT

അഹമ്മദാബാദിലെ ചന്ദ്ഖേഡ പൊലീസാണ് കേസെടുത്തത്.

അഹമ്മദാബാദ്: ലോകകപ്പിൽ ഇന്ത്യ- ആസ്ട്രേലിയ ഫൈനൽ മത്സരത്തിനിടെ ഫലസ്തീന് പിന്തുണയർപ്പിച്ച് ​ഗ്രൗണ്ടിലിറങ്ങിയ യുവാവിനെതിരെ കേസ്. ആസ്ട്രേലിയൻ സ്വദേശിയെന്ന് വ്യക്തമാക്കിയ ജോൺ വെയ്നെതിരെയാണ് പൊലീസ് കേസെടുത്തത്. ഐപിസി 322 (പൊതുപ്രവർത്തകനെ ചുമതലയിൽ നിന്ന് പിന്തിരിപ്പിക്കാൻ മുറിവേൽപ്പിക്കുക), 447 (അതിക്രമിച്ചു കടക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

അഹമ്മദാബാദിലെ ചന്ദ്ഖേഡ പൊലീസാണ് കേസെടുത്തത്. ഇന്നലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലായിരുന്നു സംഭവം. ഇന്ത്യയുടെ ബാറ്റിങ്ങിനിടെ 14ാം ഓവറിൽ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ യുവാവ് കോഹ്‌ലിയുടെ അടുത്തെത്തി തോളിൽ കൈയിടുകയും ചെയ്തിരുന്നു. ഉടൻ സുരക്ഷാ ജീവനക്കാരെത്തി യുവാവിനെ പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു.

''എന്റെ പേര് ജോൺ. ഞാൻ ആസ്ട്രേലിയക്കാരനാണ്. കോഹ്‌ലിയെ കാണാനാണ് ഞാൻ ഫീൽഡിലിറങ്ങിയത്. ഞാൻ ഫലസ്തീനെ പിന്തുണയ്ക്കുന്നു''- എന്ന് പൊലീസ് കൊണ്ടുപോവുന്നതിനിടെ മാധ്യമങ്ങളോട് ജോൺ വ്യക്തമാക്കിയിരുന്നു.

അതേസമയം, ജോൺ സ്ഥിരം കുറ്റവാളിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും ഇതിന് മുമ്പും ഇയാള്‍ക്കെതിരെ മൈതാനങ്ങളില്‍ അതിക്രമിച്ച് കയറിയതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ചന്ദ്ഖേഡ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ വിരാജ് ജഡേജ പറയുന്നത്.

ഫലസ്തീൻ പതാക മാസ്കായി മുഖത്തണിഞ്ഞും 'ഫലസ്തീനെ സ്വതന്ത്രമാക്കുക', 'ഫലസ്തീന് മേലുള്ള ബോംബാക്രമണം അവസാനിപ്പിക്കുക' എന്നിങ്ങനെ എഴുതിയ ടീ ഷർട്ട് ധരിച്ചുമാണ് യുവാവ് ഗ്രൗണ്ടിലിറങ്ങിയത്. ഇയാളുടെ കൈയിൽ എൽ.ജി.ബി.ടി.ക്യു കൊടിയുമുണ്ടായിരുന്നു.

ജോണ്‍ ഗ്രൗണ്ടിലിറങ്ങിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. കനത്ത സുരക്ഷാവലയം ഭേദിച്ചാണ് ജോണ്‍, കോഹ്‌ലിക്ക്‌ അടുത്തേക്ക് പാഞ്ഞ് എത്തിയത്. യുവാവ് മൈതാനത്തേക്ക് പാഞ്ഞ് വരുമ്പോള്‍ ഒരു ആരാധകന്റെ രംഗപ്രവേശം എന്ന നിലയ്ക്കാണ് ആളുകള്‍ കണ്ടിരുന്നത്.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇയാളുടെ ചിത്രം വന്നതാടെയാണ് ഫലസ്തീന്‍ പിന്തുണയാണെന്ന് മനസിലായത്. യുവാവിനെ അനുകൂലിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രം​ഗത്തെത്തിയത്.


Similar Posts