കെ-റെയിലില്‍ നടപടി കടുപ്പിച്ച് പൊലീസ്; എതിര്‍ത്ത വീട്ടുടമസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
|10 ലക്ഷം രൂപ വരുന്ന സര്‍വേ ഉപകരണം നശിപ്പിച്ചുവെന്ന കുറ്റമാണ് കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി എ.മുജീബ് റഹ്മാനെതിരെ ചുമത്തിയിരിക്കുന്നത്.
കെ-റെയിലിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി പൊലീസ്. വീടിന്‍റെ മുറ്റത്ത് സര്‍വേ കുറ്റി സ്ഥാപിക്കുന്നത് എതിര്‍ത്ത വീട്ടുടുമസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. 10 ലക്ഷം രൂപ വരുന്ന സര്‍വേ ഉപകരണം നശിപ്പിച്ചുവെന്ന കുറ്റമാണ് കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി എ.മുജീബ് റഹ്മാനെതിരെ ചുമത്തിയിരിക്കുന്നത്. സ്വകാര്യ സ്ഥലത്ത് സര്‍വേ കുറ്റികള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
ഒരു തരത്തിലുള്ള മുന്നറിയിപ്പുമില്ലാതെ ഡിസംബര്‍ 23ആം തീയതിയാണ് കെ-റെയില്‍ ഉദ്യോഗസ്ഥര്‍ മുജീബ് റഹ്മാന്‍റെ വീട്ടുമുറ്റത്ത് സര്‍വേ കുറ്റി സ്ഥാപിക്കാന്‍ വന്നത്. വീട്ടുകാരെല്ലാം ചേര്‍ന്ന് എതിര്‍ത്തു. അതോടെ ഉദ്യോഗസ്ഥര്‍ തിരികെ പോവുകയും ചെയ്തു. പിന്നീടാണ് 10 ലക്ഷം രൂപ വരുന്ന ഡി.ജി.പി.എസ് എന്ന സര്‍വേ ഉപകരണം മുജീബ് റഹ്മാന്‍ കേട് വരുത്തിയെന്ന പേരില്‍ പൊലീസ് കേസെെടുക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക ക്യത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
പിന്നീട് ആളില്ലാത്ത സമയത്ത് മുജീബ് റഹ്മാന്‍റെ വീട്ടിലെത്തിയ പൊലീസ് വീട്ടുമുറ്റത്ത് സര്‍വേ കുറ്റി സ്ഥാപിച്ചു. പൊലീസ് കര്‍ശന നടപടിയിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധത്തിന്‍റെ ചൂട് കുറയുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതന്നുണ്ട്. സര്‍വേ നടപടികള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച നിര്‍ദേശം.