India
Woman MLA slaps civic engineer

എഞ്ചിനിയറുടെ മുഖത്തടിക്കുന്ന ഗീത ജെയിന്‍

India

നടുറോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെ എഞ്ചിനിയറുടെ മുഖത്തടിച്ച് മഹാരാഷ്ട്ര എം.എല്‍.എ; വീഡിയോ

Web Desk
|
21 Jun 2023 7:33 AM GMT

സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

മുംബൈ: പൊതുനിരത്തില്‍ വച്ച് ആളുകള്‍ നോക്കിനില്‍ക്കെ സിവില്‍ എഞ്ചിനിയറുടെ മുഖത്തടിച്ച് മഹാരാഷ്ട്ര എം.എല്‍.എ. 'നാലായക്'(ഉപയോഗമില്ലാത്തവന്‍) എന്നു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

താനെ ജില്ലയിലെ മീരാ ഭയന്ദറില്‍ നിന്നുള്ള എം.എല്‍.എയായ ഗീതാ ജെയിനാണ് മീരാ ഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എഞ്ചിനിയര്‍മാരെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ അറിയിപ്പ് കൂടാതെ കോര്‍പ്പറേഷനിലെ താമസക്കാരെ ഒഴിപ്പിക്കുകയും കെട്ടിടം പൊളിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പെരുവഴിയിലാകേണ്ട അവസ്ഥയുമായി. വീട് തകർത്ത സംഭവത്തിൽ ഗീത ജെയിൻ ഒരു ഉദ്യോഗസ്ഥനെ ശാസിക്കുന്നതും വീഡിയോയിൽ കാണാം.തുടര്‍ന്ന് എഞ്ചിനിറയുടെ ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ച് അയാളുടെ മുഖത്തടിക്കുകയും ചെയ്തു.

തങ്ങളുടെ വീട് പൊളിക്കുമ്പോൾ കരയുന്ന സ്ത്രീകളെ നോക്കി എഞ്ചിനിയര്‍ ചിരിക്കുന്നത് കണ്ടപ്പോൾ താൻ അസ്വസ്ഥയായെന്ന് ഗീത ഒരു പ്രാദേശിക വാർത്താ ചാനലിനോട് പറഞ്ഞു. തന്‍റെ നീക്കം സ്വഭാവിക പ്രതികരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തകര്‍ത്ത വീടിന്‍റെ ഒരു ഭാഗം മാത്രമേ നിയമവിരുദ്ധമായി നിര്‍മിച്ചിട്ടുള്ളതെന്നും അനധികൃതമായ ഭാഗം നീക്കം ചെയ്യാമെന്ന് അതിലെ താമസക്കാർ പറഞ്ഞിരുന്നുവെന്നും ഗീത വ്യക്തമാക്കി. ബിൽഡർമാരുടെ ഒത്താശയോടെയാണ് രണ്ട് എൻജിനീയർമാർ സ്വകാര്യ ഭൂമിയിൽ പൊളിക്കൽ ജോലികൾ നടത്തിയതെന്ന് ഗീത ജെയിൻ അവകാശപ്പെട്ടു. തന്‍റെ നടപടിയിൽ ഖേദമില്ലെന്നും ഏത് ശിക്ഷയും നേരിടാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേര്‍ത്തു.

Similar Posts