India
ബാങ്ക് തട്ടിപ്പ് കേസ് പ്രതിയെ 25 വർഷത്തിനുശേഷം അമേരിക്കയിൽനിന്നും പിടികൂടി സി.ബി.ഐ
India

ബാങ്ക് തട്ടിപ്പ് കേസ് പ്രതിയെ 25 വർഷത്തിനുശേഷം അമേരിക്കയിൽനിന്നും പിടികൂടി സി.ബി.ഐ

Web Desk
|
7 March 2024 6:51 AM GMT

ഒരു തെളിവുകളും അവശേഷിപ്പിക്കാതെയാണ് ഇയാൾ രാജ്യം വിട്ടത്

ന്യൂഡൽഹി: കാൽ നൂറ്റാണ്ട് പഴക്കമുള്ള ബാങ്ക് തട്ടിപ്പുകേസ് പ്രതി രാജീവ് മേത്തയെ അമേരിക്കയിൽനിന്നും പിടികൂടി ഇന്ത്യയിലേക്കെത്തിച്ച് സി.ബി.ഐ. ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. 1998ലാണ് കേസിനാസ്പദമായ സംഭവം.

വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന കേസുകളിലായിരുന്നു രാജീവ് മേത്ത സി.ബി.ഐയുടെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടത്. മേത്തയെ അറസ്റ്റ് ചെയ്യാനായി സി.ബി.ഐ തയാറെടുക്കുന്നതിനിടയിലാണ് ഇദ്ദേഹം രാജ്യം വിടുന്നത്.

ഒരു തെളിവുകളുമവശേഷിപ്പിക്കാതെയായിരുന്നു ഇദ്ദേഹത്തിന്റെ രക്ഷപ്പെടൽ. മേത്തയുടെ പിന്നാലെ സഞ്ചരിച്ച സി.ബി.ഐക്ക് ഇദ്ദേഹം ഇന്ത്യ വിട്ടുവെന്ന് വ്യക്തമായിരുന്നു. പക്ഷെ ഏത് രാജ്യത്തേക്കാണ് കടന്നതെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തുടർന്ന് സി.ബി.ഐ ഇന്റർപോളിന്റെ സഹായം തേടി. ഇയാളെ അറസ്റ്റ് ചെയ്യാനും കൈമാറാനും അവകാശം നൽകുന്ന റെഡ് നോട്ടീസ് ഇന്റർപോളിന് രാജീവ് മേത്തയുടെ പേരിൽ 2000ൽ സി.ബി.ഐ കൈമാറുകയും ചെയ്തു

ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്-II-ലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മേത്തയുടെ തട്ടിപ്പ് . വിവിധ അക്കൗണ്ടുകളിലേക്ക് വരുന്ന നിക്ഷേപങ്ങൾ തന്റെ വ്യാജ അക്കൗണ്ടുകളിലേക്ക് വഴിതിരിച്ചുവിടുക എന്നതായിരുന്നു മേത്തയുടെ ലക്ഷ്യമെന്ന് സി.ബി.ഐ പറഞ്ഞു.

ഇതേതുടർന്ന് രാജീവ് മേത്തയെ 1999ൽ പ്രഖ്യാപിത കുറ്റവാളിയായി കോടതി പ്രഖ്യാപിച്ചു. തുടർന്നായിരുന്നു രാജീവ് മേത്തയുടെ നാടുവിടൽ. ലോകത്താകമാനം മേത്തക്കായി അന്വേഷണം നടത്തിയ ഇന്റർപോളിന് ഒടുവിൽ യു.എസിൽ നിന്ന് ഇയാളുമായി സാദൃശ്യമുള്ള ആളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചു. ഏറെ വൈകാതെ തങ്ങളന്വേഷിക്കുന്നയാൾ ഇതുതന്നെയെന്ന് വ്യക്തമാക്കിയ യു.എസ് അധികൃതർ മേത്തയെ അറസ്റ്റ് ചെയ്യുകയും സി.ബി.ഐക്ക് കൈമാറുകയുമായിരുന്നു.

Similar Posts