കൈക്കൂലി; സി.ബി.ഐ അഴിമതിവിരുദ്ധ ബ്യൂറോയിലെ ഡിവൈ.എസ്.പിയും കേന്ദ്രവകുപ്പിന് കീഴിലെ കമ്പനി ഉദ്യോഗസ്ഥരും അറസ്റ്റിൽ
|കേന്ദ്ര കൽക്കരി മന്ത്രാലയത്തിനു കീഴിലുള്ള കമ്പനിയായ എൻ.സി.എല്ലിലെ ഉദ്യോഗസ്ഥരിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.
ഭോപ്പാൽ: കൈക്കൂലിക്കേസിൽ സ്വന്തം വകുപ്പിലെ ഡിവൈ.എസ്.പിയെയും നോർത്തേൺ കോൾഫീൽഡ് ലിമിറ്റഡിലെ രണ്ട് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്ത് സി.ബി.ഐ. സി.ബി.ഐയുടെ മധ്യപ്രദേശ്‍ ജബൽപൂർ ആന്റി-കറപ്ഷൻ ബ്യൂറോയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ജോയ് ജോസഫ് ദാംലെ, നോർത്തേൺ കോൾഫീൾഡ് ലിമിറ്റഡി (എൻ.സി.എൽ)ലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാണ് പിടിയിലായത്.
കേന്ദ്ര കൽക്കരി മന്ത്രാലയത്തിനു കീഴിലുള്ള കമ്പനിയായ എൻ.സി.എല്ലിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അനുകൂല റിപ്പോർട്ടുകൾ നൽകാൻ ഉദ്യോഗസ്ഥരിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. എൻ.സി.എൽ ചെയർമാനും എം.ഡിയുമായ സുബേദാർ ഓജയുടെ മാനേജരും സെക്രട്ടറിയുമാണ് അറസ്റ്റിലായത്.
സിങ്ഗ്രൗളിയിലെ എം/എസ് സംഗം എൻജിനീയറിങ് ഡയറക്ടർ രവി ശങ്കർ, സിങ്ഗ്രൗളിയിലെ എൻ.സി.എൽ ആസ്ഥാനത്തെ ചീഫ് മാനേജർ റിട്ട. കേണൽ ബസന്ത് കുമാർ സിങ് എന്നിവരാണ് പിടിയിലാവർ. ഭാരതീയ ന്യായ സൻഹിതയുടെ 61(2), അഴിമതി നിരോധന നിയമത്തിലെ 7, 7A, 8 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ നോയിഡയ്ക്ക് പുറമെ സിങ്ഗ്രൗളിയിലും ജബൽപൂരിലും സി.ബി.ഐ ആഗസ്റ്റ് 17ന് റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. തിരച്ചിലിനിടെ ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും പിടിച്ചെടുത്തു. സുബേദാർ ഓജയുടെ വസതിയിൽ നിന്ന് 3.85 കോടിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി സി.ബി.ഐ വക്താവ് പറഞ്ഞു. നിരവധി കരാറുകാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വാങ്ങിയതാണ് ഈ തുകയെന്നും വക്താവ് വ്യക്തമാക്കി.
ചില എൻ.സി.എൽ ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന് രവിശങ്കറാണ് ഡിവൈ.എസ്.പി ദാംലെയ്ക്കു വേണ്ടി കൈക്കൂലി പണം പിരിച്ചിരുന്നതെന്ന് സി.ബി.ഐ പറഞ്ഞു. എൻ.സി.എല്ലിനെതിരായ പരാതികളെയും അന്വേഷണങ്ങളേയും കുറിച്ചുള്ള റിപ്പോർട്ടുകളെ സ്വാധീനിക്കാനായിരുന്നു ഈ പണമെന്നും വ്യക്തമായതായി ഒരു സി.ബി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ദാംലെ കൈക്കൂലിപ്പണം ഏൽപ്പിച്ച രവിശങ്കറുടെ സഹായി ദിവേശ് സിങ്ങിനെ അന്നുതന്നെ സി.ബി.ഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു.