കൊല്‍ക്കത്ത യുവ ഡോക്ടറുടെ കൊലപാതകം: സിബിഐ കുറ്റപത്രം സമർപ്പിച്ചു
|200 ലധികം പേരുടെ മൊഴികളാണ് കുറ്റപത്രത്തിലുള്ളത്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടർ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ആഗസ്റ്റ് ഒമ്പതിന് നടന്ന സംഭവത്തിൽ സഞ്ജയ് റോയ് എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. രാത്രി ഡ്യൂട്ടിക്കിടെ കോളജിലെ സെമിനാർ ഹാളിൽ കിടന്നുറങ്ങിയ പി ജി വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ കൊൽക്കത്ത പൊലീസിൽ താൽകാലിക കരാർ വ്യവസ്ഥയിൽ ജോലിചെയ്തുവരുന്ന സഞ്ജയ് റോയ് ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു.
പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. അതേസമയം കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അറിയിച്ചു.
രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കിയാണ് സംഘം കുറ്റപത്രം തയ്യാറാക്കിയത്. 200 ലധികം പേരുടെ മൊഴികളാണ് കുറ്റപത്രത്തിലുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്താകെ വ്യാപക പ്രതിഷേധം നടന്നിരുന്നു.
ശരീരമാസകലം മുറിവേറ്റനിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്ലും യുവതി ക്രൂരമായ ലൈംഗികപീഡനം നേരിട്ടതായി സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധമുയർന്നതിനുപിന്നാലെയാണ് ക്രൂരകൃത്യം നടത്തിയ സഞ്ജയ് റോയ് പൊലീസിന്‍റെ പിടിയിലായത്. പ്രതി സഞ്ജയ് റോയ് മദ്യപിച്ച് അശ്ലീല ചിത്രങ്ങൾ കാണുന്നതിന് അടിമയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞിരുന്നു.