India
അന്വേഷണ ഏജൻസികൾ വിഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യാറില്ല: സൈബർ ക്രൈം കോർഡിനേഷൻ സെന്‍റര്‍
India

അന്വേഷണ ഏജൻസികൾ വിഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യാറില്ല: സൈബർ ക്രൈം കോർഡിനേഷൻ സെന്‍റര്‍

Web Desk
|
7 Oct 2024 4:03 AM GMT

ഡിജിറ്റല്‍ അറസ്റ്റിനെതിരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ന്യൂഡൽഹി: സിബിഐ, ഇഡി, പൊലീസ് തുടങ്ങിയ രാജ്യത്തെ അന്വേഷണ ഏജൻസികൾ വിഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യാറില്ലെന്ന് സൈബർ ക്രൈം കോർഡിനേഷൻ സെന്‍റര്‍ അറിയിച്ചു. ജനം ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും ഇവർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട് തട്ടിപ്പു നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍റര്‍ അറിയിപ്പ് പുറത്തുവിട്ടത്.

സിബിഐ, ഇഡി, പൊലീസ്, ജഡ്ജിമാർ എന്നിവരാരും വിഡിയോ കോളിലൂടെ അറസ്റ്റ് ചെയ്യില്ലെന്നും ഇത്തരം കോളുകൾ വരുമ്പോൾ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഇത്തരം കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലോ അറിയിക്കണമെന്നും ഇവർ പറയുന്നുണ്ട്.

ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി സർക്കാരിന്റെ സൈബർ സുരക്ഷാ ഏജൻസികളുമായി സഹകരിക്കുന്നതായി വാട്‌സ്ആപ്പും സ്‌കൈപ്പും നേരത്തെ വ്യക്തമാക്കിയിരുന്നു.

വ്യാജ കോളുകളും മെസേജുകളും വഴിയാണ് ഇത്തരം തട്ടിപ്പ് വ്യാപകമാകുന്നത്. വ്യക്തികളെ തട്ടിപ്പ് കേസിൽ അകപ്പെട്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഡിജിറ്റൽ അറസ്റ്റ് എന്ന തന്ത്രം. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ശബ്ദം, വിഡിയോകോൾ വഴി അന്വേഷണ ഏജൻസിയിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ വിളിക്കുക. വ്യാജമായ കേസിന്റെ പേരിൽ മണിക്കൂറുകളോളം ആളുകളെ വിഡിയോകോളിൽ തടഞ്ഞുവെക്കും. സമ്മർദ്ദം താങ്ങാനാകാത്തവർക്ക് മുൻപിൽ പണം നൽകി കേസ് ഒഴിവാക്കാമെന്ന നിർദേശം തട്ടിപ്പുകാർ മുന്നോട്ടുവെക്കും. ഭയന്ന് ചിലർ പണം കൈമാറുകയും ചെയ്യും.കേരളത്തിലടക്കം ഇത്തരത്തിൽ ഡിജിറ്റൽ അറസ്റ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

Similar Posts