ബംഗാളിൽ ആളുകളെ കത്തിച്ചുകൊന്ന സംഭവം; 21 പേർക്കെതിരെ കേസ്
|തൃണമൂൽ കോൺഗ്രസിന്റെ ഉപ പ്രധാൻ ആയിരുന്ന ബാദു ശൈഖിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് എട്ടുപേരെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ എഫ്ഐആറിൽ പറയുന്നത്.
പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ എട്ടുപേരെ കത്തിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ 21 പേർക്കെതിരെ കേസെടുത്തു. തൃണമൂൽ നേതാവ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഈ മാസം 21ന് രാത്രി വീടുകൾ അഗ്നിക്കിരയാക്കിയാണ് സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേരെ കത്തിച്ചുകൊലപ്പെടുത്തിയത്.
തൃണമൂൽ കോൺഗ്രസിന്റെ ഉപ പ്രധാൻ ആയിരുന്ന ബാദു ശൈഖിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് എട്ടുപേരെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ എഫ്ഐആറിൽ പറയുന്നത്. ഒരു കടയിലിരിക്കുകയായിരുന്ന അദ്ദേഹത്തെ അജ്ഞാതരായ സംഘം പെട്രോൾ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു.
70-80 പേരടങ്ങുന്ന അക്രമാസക്തരായ ആൾക്കൂട്ടം ഇരകളുടെ വീടുകൾ കൊള്ളയടിക്കുകയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വീടിന് തീയിടുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐ അന്വേഷിക്കാൻ ഉത്തരവിട്ടത്. രാംപുർഹത് പൊലീസ് സ്റ്റേഷനിലെത്തിയ സിബിഐ സംഘം ഫയലുകൾ പരിശോധിച്ച ശേഷം സംഘർഷം നടന്ന സ്ഥലം സന്ദർശിച്ചു.