ഭിർഭൂം കൂട്ടക്കൊലയിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നു; റിപ്പോർട്ട് തേടി ന്യൂനപക്ഷ കമ്മീഷൻ
|കൊൽക്കത്ത ഹൈക്കോടതി വിധിയെ ചൊല്ലി മമത സർക്കാരിനെ കടന്നാക്രമിക്കുകയാണ് ബിജെപി
ബംഗാളിലെ ഭിർഭൂം കൂട്ടക്കൊലയിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തിൽ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോട് ദേശീയ ന്യൂനപക്ഷ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്. അതെ സമയം കൊൽക്കത്ത ഹൈക്കോടതി വിധിയെ ചൊല്ലി മമത സർക്കാരിനെ കടന്നാക്രമിക്കുകയാണ് ബിജെപി.
മമത സർക്കാരിന് കനത്ത തിരിച്ചടിയാണ് കൊൽക്കത്ത ഹൈക്കോടതി വിധിയിലൂടെ ലഭിച്ചത്. ഉത്തരവിന് പിന്നാലെ ഭിർഭൂം ജില്ല സന്ദർശിച്ച സിബിഐ ഫോറൻസിക് സംഘം തെളിവ് ശേഖരണം ആരംഭിച്ചിരുന്നു. വീടുകൾ കത്തിനശിച്ച ബോഗ്ടുയി ഗ്രാമത്തിലാണ് തെളിവ് ശേഖരണത്തിനായി ഫോറൻസിക് സംഘം ആദ്യം എത്തിയത്. കലാപത്തിന് പിന്നാലെ ബോംബ് ശേഖരം കണ്ടെത്തിയ പ്രദേശങ്ങളും സിബിഐ അന്വേഷണ സംഘം ഇന്ന് സന്ദർശിച്ചേക്കും. കേസ് ഡയറിയുടെ പരിശോധനയും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത ആളുകളുടെ മൊഴിയെടുപ്പും ഉടൻ പൂർത്തിയാകും. ഇതിന് പിന്നാലെ ദേശീയ ന്യൂനപക്ഷ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
അക്രമ സംഭവങ്ങളിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി ന്യൂനപക്ഷ വകുപ്പ് കമ്മീഷൻ ചെയർപേഴ്സൺ സയിദ് ഷെഹ്സാദി വാർത്താ ഏജൻസികളോട് പറഞ്ഞു. കമ്മീഷൻ അംഗങ്ങൾ സംഭവ സ്ഥലം ഉടൻ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയിൽ നിന്ന് സർക്കാരിനേറ്റ തിരിച്ചടി രാഷ്ട്രീയമായി ഉപയോഗിക്കാൻ ഉള്ള ശ്രമത്തിലാണ് ബിജെപി. കേസ് അട്ടിമറിക്കാൻ വേണ്ടിയാണ് മമത പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് എന്ന് പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എംപി ദിലീപ് ഘോഷ് ആരോപിച്ചിരുന്നു. അതെ സമയം കേസിൽ പ്രതിയായ പാർട്ടി നേതാവിനെ തന്നെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘം കൃത്യമായ ദിശയിലാണ് അന്വേഷണം മുന്നോട്ട് കൊണ്ട് പോയിരുന്നത് എന്ന വാദമാണ് തൃണമൂൽ കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്.