രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനോ? അന്വേഷണവുമായി സിബിഐ
|മുതിർന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി ഡൽഹി ഹൈക്കോടതിയിലും കർണാടകയിൽനിന്നുള്ള സംഘ്പരിവാർ പ്രവർത്തകൻ അലഹബാദ് ഹൈക്കോടതിയിലും രാഹുൽ ഗാന്ധിയുടെ പൗരത്വ വിഷയത്തിൽ ഹരജികൾ നൽകിയിട്ടുണ്ട്
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച പരാതികളിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ഡൽഹി ഹൈക്കോടതിയില്‍ ഹരജിക്കാരന്‍ അറിയിച്ചതാണ് ഇക്കാര്യം. മുതിർന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
സമാനമായ വിഷയത്തിൽ അഹലബാദ് ഹൈക്കോടതിക്കു മുന്നിലുള്ള പൊതുതാൽപര്യ ഹരജിയിലാണ് ഏജൻസി നടപടി ആരംഭിച്ചിരിക്കുന്നതെന്നാണു വിവരം. കർണാടകയിൽനിന്നുള്ള ബിജെപി പ്രവർത്തകനായ വിഘ്‌നേഷ് ശിഷിർ ആണ് രാഹുൽ ഗാന്ധിയുടെ വിദേശ പൗരത്വം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് കോടതിയിൽ ഹരജി നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം ഡൽഹി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇതേ വിഷയം മറ്റൊരു കോടതി കൂടി സമാന്തരമായി പരിഗണിക്കുന്നതു ശരിയല്ലെന്നാണ് ബിജെപി പ്രവർത്തകൻ സൂചിപ്പിച്ചത്.
ഇക്കാര്യം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു എന്നിവരുടെ ബെഞ്ച് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരേ കേസിൽ വിരുദ്ധമായ ഉത്തരവുകൾ വരാനുള്ള സാഹചര്യം സൃഷ്ടിക്കാൻ താൽപര്യപ്പെടുന്നില്ലെന്നാണ് കോടതി അറിയിച്ചത്. ഒരേ വിഷയത്തിൽ രണ്ട് സമാന്തരമായ ഹരജികൾ പാടില്ല. കേസുമായി ബന്ധപ്പെട്ട തുടർനടപടികളെ കുറിച്ചുള്ള സത്യവാങ്മൂലം അലഹബാദ് കോടതിയിൽ തന്നെ നൽകാമെന്നും ഡൽഹി ഹൈക്കോടതി വിഘ്‌നേഷിനെ അറിയിച്ചിരിക്കുകയാണ്.
രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് 2019ലാണ് സുബ്രഹ്‌മണ്യം സ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. ഒരേസമയം രണ്ട് രാജ്യങ്ങളുടെ പൗരത്വം കൊണ്ടുനടക്കാൻ പറ്റില്ലെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയം രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. എന്നാൽ, ഇതിനുശേഷം പരാതിയുടെ തുടർനടപടികളെ കുറിച്ച് നിരന്തരം വിവരങ്ങൾ തേടിയിട്ടും ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലെന്നാണ് സ്വാമി ആരോപിക്കുന്നത്. തുടർന്നാണ് ഈ വർഷം ആദ്യത്തിൽ അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. പരാതിയുമായി ബന്ധപ്പെട്ട നടപടികളുടെ തദ്സ്ഥിതി വ്യക്തമാക്കാൻ മന്ത്രാലയത്തോട് ഉത്തരവിടണമെന്നായിരുന്നു ആവശ്യം.
എന്നാൽ, താൻ നൽകിയ പൊതുതാൽപര്യ ഹരജി അലഹബാദ് ഹൈക്കോടതിയുടെ മുന്നിലിരിക്കെ സമാനമായ വിഷയം ഡൽഹി ഹൈക്കോടതിയും പരിഗണിക്കരുതെന്ന് ബിജെപി പ്രവർത്തകൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബർ 24നാണ് കേസ് അവസാനമായി അഹലബാദ് കോടതി പരിഗണിച്ചതെന്നും സിബിഐ വിഷയം അന്വേഷിക്കുന്ന വിവരം അന്ന് അറിയിച്ചതാണെന്നും ഇദ്ദേഹം കോടതിയോട് പറഞ്ഞു.
കേസ് നടപടികൾ വളരെ വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്നും വിഘ്‌നേഷ് പറഞ്ഞു. ഇക്കാര്യത്തിൽ സിബിഐയ്ക്കു മുന്നിൽ ഹാജരായിട്ടുണ്ട്. തന്റെ പക്കലുള്ള അതീവ രഹസ്യ തെളിവുകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളാണ് ഇപ്പോൾ സിബിഐ അന്വേഷിക്കുന്നത്. രാജ്യത്തെ വേറെയും ഏജൻസികൾ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ഡൽഹി ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ വിഘ്‌നേഷ് അറിയിച്ചു.
എന്നാൽ, സുബ്രഹ്‌മണ്യം സ്വാമി ബിജെപി പ്രവർത്തകന്റെ വാദം തള്ളി. വിഘ്‌നേഷിന്റെ ഹരജി രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ളതാണ്. രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നു തെളിവുസഹിതം വ്യക്തമാക്കുക മാത്രമാണു തന്റെ ഹരജിയിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകയായ സത്യ സബ്ബർവാൾ മുഖേനെയാണ് സുബ്രഹ്‌മണ്യം സ്വാമി നേരത്തെ കോടതിയെ സമീപിച്ചിരുന്നത്. യുകെ പൗരത്വമുള്ള കാര്യം രാഹുൽ തന്നെ ബ്രിട്ടീഷ് സർക്കാരിനോട് വെളിപ്പെടുത്തിയതായി ഹരജിയിൽ വാദിക്കുന്നുണ്ട്. കോൺഗ്രസ് നേതാവിന് ബ്രിട്ടീഷ് പാസ്‌പോർട്ടുണ്ടെന്നും ഹരജിയിൽ വാദമുണ്ട്.
അതേസമയം, ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരം അലഹബാദ് കോടതിക്കു മുന്നിലുള്ള ഹരജിയിൽ കക്ഷി ചേർന്നിരിക്കുകയാണ് സുബ്രഹ്‌മണ്യം സ്വാമി. ബിജെപി പ്രവർത്തകന്റെ ഹരജിയിൽ നടപടി സ്വീകരിച്ചോ എന്ന് നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കാനായി ഡിസംബർ ആറിലേക്ക് മാറ്റിയിരിക്കുകയാണ്.
Summary: CBI probe initiated against Rahul Gandhi's 'British citizenship' issue, Delhi HC told