India
CBI Registers Fresh Corruption Case Against Jailed AAP Leader Manish Sisodia
India

മനീഷ് സിസോദിയയ്ക്കെതിരെ പുതിയ അഴിമതി കേസെടുത്ത് സിബിഐ

Web Desk
|
16 March 2023 7:43 AM GMT

സംഭവത്തിൽ വിമർശനവുമായി രം​ഗത്തെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഈ നടപടി രാജ്യത്തെ സംബന്ധിച്ച് ദുഃഖകരമാണെന്ന് പ്രതികരിച്ചു.

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. ഡൽഹി ​ഗവൺമെന്റ് ഫീഡ്ബാക്ക് യൂണിറ്റിൽ (എഫ്.ബി.യു) അഴിമതിയാരോപിച്ചാണ് അടുത്ത കേസെടുത്തിരിക്കുന്നത്.

നിയമവിരുദ്ധമായാണ് ഫീഡ്‌ബാക്ക് യൂണിറ്റ് രൂപീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്തതെന്നും അതിലൂടെ സർക്കാർ ഖജനാവിന് ഏകദേശം 36 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നുമാണ് സിബിഐ വാദം.

2015ൽ ഡൽഹിയിൽ ആം ആദ്മി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെയാണ് എഫ്.ബി.യു രൂപീകരിച്ചത്. ഡൽഹി സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിവിധ വകുപ്പുകളുടെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സംബന്ധിച്ച പ്രസക്തമായ വിവരങ്ങളും പ്രവർത്തനക്ഷമതയെ കുറിച്ചുള്ള പ്രതികരണങ്ങളും ശേഖരിക്കാനായാണ് 'ഫീഡ്‌ബാക്ക് യൂണിറ്റ്' രൂപീകരിച്ചത്.

സിസോദിയയ്ക്കെതിരായ നടപടി രാജ്യത്തെ സംബന്ധിച്ച് ദുഃഖകരമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു."മനീഷിനെതിരെ നിരവധി കള്ളക്കേസുകൾ ചുമത്തി ദീർഘകാലത്തേക്ക് കസ്റ്റഡിയിൽ വയ്ക്കാനാണ് പ്രധാനമന്ത്രിയുടെ പദ്ധതി. രാജ്യത്തിനാകെ സങ്കടമുണ്ടാക്കുന്ന നടപടി!" അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, സിബിഐ പുതിയ കേസെടുത്ത പശ്ചാത്തലത്തിൽ ആം ആദ്മി പ്രതിഷേധം ശക്തമാക്കാനാണ് സാധ്യത.

നിലവിൽ മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മാർച്ച് 10ന് സ്പെഷ്യൽ ജഡ്ജി ജസ്റ്റിസ് നാഗ്‌പാലാണ് സിസോദിയയെ 17വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ ഈ മാസം ഒമ്പതിന് രാത്രിയോടെയാണ് സിസോദിയയെ മദ്യനയ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തത്.

അതിനു മുമ്പ് അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുന്ന മാർച്ച് 21ന് ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കാൻ മാറ്റിവച്ചിരുന്നു. കേസിൽ ഈമാസം 10ന് പരി​ഗണിക്കാനിരുന്ന ജാമ്യാപേക്ഷ സമയക്കുറവ് കാരണമാണ് പിന്നീട് പരിഗണിക്കാൻ മാറ്റിയത്.

അറസ്റ്റിനു പിന്നാലെ സിസോദിയയും നേരത്തെ അറസ്റ്റിലായ സത്യേന്ദർ ജയിനും മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. കള്ളപ്പണക്കേസിലാണ് സത്യേന്ദർ ജയ്‌നിനെ അറസ്റ്റ് ചെയ്തത്. ഇരുവരും ഇപ്പോൾ തിഹാർ ജയിലിലാണ്. അതിഷി മർലെന, സൗരഭ് ഭരദ്വാജ് എന്നിവരാണ് പുതിയ മന്ത്രിമാർ.

Similar Posts