India
ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കും
India

ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കും

Web Desk
|
4 Jun 2023 1:37 PM GMT

ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാകുന്നതിനിടെയാണ് നീക്കം

ഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ ബോർഡിന്റെ ശുപാർശ പ്രകാരമാണ് നടപടി. ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ നീക്കം.

അവഗണന കൊണ്ടുണ്ടായ മനുഷ്യനിർമിത ദുരന്തമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. റെയിൽവേ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അധികാരമില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷ പാർട്ടികൾ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. എന്നാൽ, രാജിവെക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു.

ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് അപകടം ഉണ്ടായതെന്നും രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിലപാട്. അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ട്രെയിൻ ദുരന്തം വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ നേരത്തെ അഭിഭാഷകനായ വിശാൽ തിവാരി പൊതുതാത്പര്യ ഹരജി നൽകിയിരുന്നു.സുപ്രിംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജി അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ട്രെയിനുകളുടെ കൂട്ടിയിടി തടയുന്ന 'കവച്' എന്ന സംവിധാനമില്ലാതെ ഒരു ട്രെയിനും പുറത്തിറക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. എതിരായി ഒരു ട്രെയിൻ കടന്നുവന്നാൽ ട്രെയിൻ സ്വയം നിന്ന് പോവുന്ന സംവിധാനമാണ് കവച്. 2022 മാർച്ച് മുതലാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. എല്ലാ ട്രെയിനുകളിലും ഇത് ഏർപ്പെടുത്തിയിട്ടില്ല.

അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 275 എന്ന് ചീഫ് സെക്രട്ടറി പ്രദീപ് ജന അറിയിച്ചു. ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയിരുന്നു. ചില മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പറഞ്ഞു. നിലവിൽ 88 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന തുടരുകയാണ്.

Similar Posts