രാജ്യത്ത് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വൈകും
|പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് വരെ സർവകലാശാലാ പ്രവേശനം ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ യുജിസിക്ക് കത്തയച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വൈകും. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് വരെ സർവകലാശാലാ പ്രവേശനം ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ യുജിസിക്ക് കത്തയച്ചു. സിബിഎസ്ഇ തീരുമാനത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും എതിർപ്പ് അറിയിച്ചിട്ടുണ്ട്.
ജൂലൈ നാലിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു സിബിഎസ്ഇ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ജൂലൈ പതിനഞ്ചോടെ ഫല പ്രഖ്യാപനം ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. ഫലപ്രഖ്യാപനത്തിന് ഒരു മാസം സമയം ആവശ്യമായി വരുമെന്നാണ് സിബിഎസ്ഇ ഇപ്പോൾ അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ സർവകലാശാലകൾ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചാൽ നിരവധി വിദ്യാർത്ഥികളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും സിബിഎസ്ഇ, യുജിസിക്കയച്ച കത്തിൽ പറയുന്നു. എന്നാൽ സിബിഎസ്ഇ നിലപാടിന് എതിരെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്.
ഉപരി പഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികൾക്ക് തുടർപഠന സാധ്യത ഇല്ലാതാക്കുന്ന നടപടിയാണിതെന്നാണ് സിബിഎസ്ഇക്ക് എതിരായ ആക്ഷേപം. ആസാം ഉൾപ്പടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി ഡൽഹിയിൽ എത്തിക്കാൻ കഴിയാത്തതാണ് ഫലപ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സിബിഎസ്ഇ നൽകുന്ന വിശദീകരണം. പ്രളയം ബാധിച്ച സാഹചര്യത്തിൽ ഹെലികോപ്റ്റർ വഴി ഉത്തര കടലാസുകൾ ഡൽഹിയിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും സിബിഎസ്ഇ അറിയിച്ചു.