ജനാധിപത്യവും വൈവിധ്യവും, ചേരിചേരാ പ്രസ്ഥാനം തുടങ്ങിയ ഭാഗങ്ങൾ സിബിഎസ്ഇ സിലബസിൽ നിന്നൊഴിവാക്കുന്നു
|സമാനമായ രീതിയിൽ പത്താംക്ലാസിലെ 'ഭക്ഷ്യ സുരക്ഷ' എന്ന പാഠഭാഗത്ത് 'കാർഷികമേഖലയിൽ ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ' എന്ന ഭാഗം ഒഴിവാക്കി. ഉറുദു കവിയായ ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയും സിലബസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ന്യൂഡൽഹി: ചേരി ചേരാ പ്രസ്ഥാനം, ശീതസമര കാലഘട്ടം, ആഫ്രോ-ഏഷ്യൻ പ്രദേശങ്ങളിലെ ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ ഉദയം, മുഗൾ കോടതികൾ, വ്യവസായ വിപ്ലവം തുടങ്ങിയ പാഠഭാഗങ്ങൾ സിലബസിൽനിന്ന് ഒഴിവാക്കാൻ സിബിഎസ്ഇ തീരുമാനിച്ചതായി റിപ്പോർട്ട്. 11, 12 ക്ലാസുകളിലെ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് സിലബസിലാണ് നവീകരണത്തിന്റെ പേരിൽ പാഠഭാഗങ്ങൾ ഒഴിവാക്കുന്നത്.
സമാനമായ രീതിയിൽ പത്താംക്ലാസിലെ 'ഭക്ഷ്യ സുരക്ഷ' എന്ന പാഠഭാഗത്ത് 'കാർഷികമേഖലയിൽ ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ' എന്ന ഭാഗം ഒഴിവാക്കി. ഉറുദു കവിയായ ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയും സിലബസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സിലബസ് യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി എൻസിഇആർടിയുടെ നിർദേശപ്രകാരമാണ് പാഠഭാഗങ്ങൾ ഒഴിവാക്കുന്നതെന്നാണ് സിബിഎസ്ഇയുടെ വിശദീകരണം. പതിനൊന്നാം ക്ലാസിലെ 'സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്‌സ്' എന്ന പാഠഭാഗത്ത് ആഫ്രോ-ഏഷ്യൻ മേഖലയിലെ ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ ഉദയത്തെ കുറിച്ചും അവരുടെ സാമൂഹിക സാമ്പത്തിക സംഭാവനകളെക്കുറിച്ചുമാണ് പറയുന്നത്. ഈ പാഠഭാഗമാണ് ഒഴിവാക്കുന്നത്.
നേരത്തെയും സിലബസ് നവീകരണത്തിന്റെ ഭാഗമായി സിബിഎസ്ഇ പാഠഭാഗങ്ങൾ ഒഴിവാക്കിയിരുന്നു. 2020ൽ 11-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസിൽ 'ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം' എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ മൂല്യനിർണയത്തിൽ പരിഗണിക്കില്ലെന്ന സിബിഎസ്ഇ തീരുമാനം വലിയ വിവാദമായിരുന്നു. 2021-22 അധ്യായനവർഷത്തിൽ ഈ ഭാഗങ്ങൾ വീണ്ടും സിലബസിൽ പുനഃസ്ഥാപിച്ചു.