India
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 92.71 % വിജയം
India

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 92.71 % വിജയം

Web Desk
|
22 July 2022 4:48 AM GMT

വിദ്യാർത്ഥികൾക്ക് അവരുടെ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്ത് ഡിജിലോക്കറിൽ (digilocker.gov.in) സി.ബി.എസ്.ഇ ഫലങ്ങൾ ഓൺലൈനായി പരിശോധിക്കാനും കഴിയും

ഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 92.71 ആണ് വിജയശതമാനം. results.cbse.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് അവരുടെ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്ത് ഡിജിലോക്കറിൽ (digilocker.gov.in) സി.ബി.എസ്.ഇ ഫലങ്ങൾ ഓൺലൈനായി പരിശോധിക്കാനും കഴിയും. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്ന് ഉച്ചക്ക് ശേഷം പ്രസിദ്ധീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

1435366 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 1330662 പേര്‍ വിജയിച്ചു. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം (98.83). കുറവ് പ്രയാഗ്‌രാജ് മേഖലയിലും. 83.71 ആണ് ഇവിടുത്തെ വിജയശതമാനം.

അതേസമയം പ്ലസ് വണ്‍ പ്രവേശനത്തിനുള്ള തിയതി നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ സിലബസില്‍ പഠിച്ച വിദ്യാർഥികൾ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് രാജവിജയരാഘവന്‍ ഉച്ചക്ക് മൂന്ന് മണിക്കാണ് ഹരജി പരിഗണിക്കുന്നത്. സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് ഫലം വരാത്തതിനാൽ തങ്ങൾക്ക് അപേക്ഷിക്കാനാകില്ലെന്നും തുടർ പഠന സാധ്യതകൾ ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.

എന്നാല്‍ നാല് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പ്രവേശനത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എത്രയും വേഗം ഫലം പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുകയാണെന്നും രണ്ട് ദിവസത്തിനകം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സി.ബി.എസ്.ഇ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

Similar Posts