ഹെലികോപ്ടർ ദുരന്തം; കാരണം എന്ത്...? എല്ലാ കണ്ണുകളും ബ്ലാക് ബോക്സിലേക്ക്
|ഇന്നലെയുണ്ടായ അപകടത്തിന് പിന്നാലെ നടന്ന നീണ്ട തിരച്ചിലിനൊടുവിലാണ് ബ്ലാക് ബോക്സ് കണ്ടെത്തുന്നത്...
രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ കൂനൂര്‍ ദുരന്തത്തില്‍പ്പെട്ട ഹെലികോപ്ടറിന്‍റെ ബ്ലാക് ബോസ്ക് കണ്ടെടുത്തു. രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവിയായ ബിപിന്‍ റാവത്തും ഭാര്യയുമുള്‍പ്പടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുകയും റാവത്തുള്‍പ്പടെ 13 പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്ത ഹെലികോപ്ടർ ദുരന്തത്തിന്‍റെ യഥാര്‍ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നലെയുണ്ടായ അപകടത്തിന് പിന്നാലെ നടന്ന നീണ്ട തിരച്ചിലിനൊടുവിലാണ് ബ്ലാക് ബോക്സ് കണ്ടെത്തുന്നത്. ഇനി ബ്ലാക്ബോക്സിന്‍റെ വിശദമായ പരിശോധന നടത്തിയ ശേഷമാകും അപകട കാരണം സ്ഥിരീകരിക്കാനാകുക.
പ്രതിരോധ രംഗത്ത് മുൻപനായ റഷ്യന്‍ നിര്‍മ്മിത എം.ഐ 17 വി എന്ന ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഏത് കാലാവസ്ഥയെയും അതിജീവിക്കാൻ നിർമിച്ച ഈ പവർപാക്ക്ഡ് കോപ്റ്റർ യുദ്ധത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കരുത്തായിരുന്നു. സായുധ ആക്രമണ ശേഷിയിൽ മുൻപനായ ഈ സൈനിക ഹെലികോപ്റ്റർ മിൽ മോസ്കോ ഹെലികോപ്റ്റർ പ്ലാന്‍റിലാണ് രൂപകൽപ്പന ചെയ്തത്.കോപ്റ്റർ കസാൻ ഹെലികോപ്റ്റേഴ്സ് എന്ന കമ്പനിയാണ് എം.ഐ 17 വി നിർമിച്ചത്
2008ലാണ് ഇന്ത്യ എം.ഐ 17 വി 5 ഹെലികോപ്റ്ററിനായി റഷ്യയുമായി കരാറൊപ്പിടുന്നത്. തുടർന്ന് 2012 ഫെബ്രുവരി 17ന് ആദ്യമായി ഇന്ത്യ ഹെലികോപ്റ്റർ വാങ്ങുന്നു. രണ്ട് എൻജിനുള്ള ടർബൈൻ ട്രാൻസ്പോർട് കോപ്റ്റർ എല്ലാ കാലാവസ്ഥയെയും അതിജീവിക്കാന്‍ കരുത്തുള്ളവയാണ്. മണിക്കൂറിലെ ഏറ്റവും വലിയ വേഗത 250 കിലോമീറ്റർ. ഓട്ടോ പൈലറ്റ് സംവിധാനം. രാത്രിയിലും പറക്കാമെന്ന പ്രത്യേകത.
ഇരുന്നൂറോളം എം.ഐ 17 വി 5 ഹെലികോപ്റ്ററാണ് നിലവിൽ വ്യോമസേനയിൽ ഉപയോഗിക്കുന്നത്. അറുപതോളം രാജ്യങ്ങളും എം.ഐ 17 വി 5 ഉപയോക്താക്കളാണ്.1999ൽ കാർഗിൽ യുദ്ധമുഖത്ത്, 2008ലെ മുംബൈ അറ്റാക്കിൽ, 2016ലെ സർജിക്കൽ സ്ട്രൈക്കിൽ തുടങ്ങി ഇന്ത്യയുടെ പല ഘട്ടങ്ങളിലും എം.ഐ 17 ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ കോപ്റ്റർ അപകടത്തിൽപ്പെടുമ്പോൾ എം ഐ 17 ഉപയോഗിക്കുന്ന അറുപതിലധികം രാജ്യങ്ങൾ ആശങ്കയിലാണ്.
തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ വെച്ചാണ് സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുന്നത്. ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മകൾ മധുലിക രാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കം ഹെലികോപ്ടറിൽ 14 യാത്രികരാണുണ്ടായിരുന്നത്.
ഡൽഹിയിൽ നിന്ന് സുലൂരിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. സൈനിക ക്യാമ്പിൽ പങ്കെടുക്കാനായിരുന്നു യാത്ര. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.