India
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് അനൗദ്യോഗിക ചർച്ച നടത്തിയെന്ന് റിപ്പോർട്ട്‌
India

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് 'അനൗദ്യോഗിക' ചർച്ച നടത്തിയെന്ന് റിപ്പോർട്ട്‌

Web Desk
|
17 Dec 2021 9:13 AM GMT

സംഭവത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റു തെരഞ്ഞെടുപ്പ് കമ്മീഷണർമാരും പ്രധാനമന്ത്രിയുടെ ഓഫീസ് വിളിച്ചു ചേർത്ത കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തതായി 'ദ ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര നേതൃത്വം നൽകുന്ന യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് നിയമമന്ത്രാലയത്തിൽ നിന്നാണ് കമ്മീഷണർമാർക്ക് കത്ത് ലഭിച്ചത്.

നവംബർ പതിനാറിനാണ് കൂടിക്കാഴ്ച്ച നടന്നതെന്നാണ് റിപ്പോർട്ട്. പൊതുവായ തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർക്കുന്ന യോഗത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയേയും, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ റജിൽ കുമാർ, അനൂപ് ചന്ദ്ര പാണ്ഡെ എന്നിവരെയും പ്രതീക്ഷിക്കുന്നതായി കത്തിൽ പറയുന്നതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം സമാനമായി വിളിച്ചു ചേർത്ത ആഗസ്റ്റ് 13, സെപ്തംബർ മൂന്ന് ദിവസങ്ങളിലെ യോഗങ്ങളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നെങ്കിലും കമ്മീഷണർമാർ വിട്ടുനിന്നിരുന്നു.

എന്നാൽ വീഡിയോ മീറ്റിങ്ങിൽ മൂവരും പങ്കെടുത്തിരുന്നില്ലെങ്കിലും, അതിന് ശേഷം പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്രയുമായി നടന്ന 'അനൗദ്യോഗിക' കൂടിക്കാഴ്ച്ചയിൽ ഇവർ പങ്കെടുത്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.

എന്നാൽ കൂടിക്കാഴ്ച തികച്ചും അനൗദ്യോഗികമായിരുന്നെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ച കൂടിക്കാഴചയിൽ ഉണ്ടായിട്ടില്ലെന്നും ഓഫീസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നവീകരണത്തെ കുറിച്ചുള്ള കാര്യങ്ങളാണ് യോഗത്തിൽ സംസാരിച്ചത്.

എന്നാൽ സ്വതന്ത്രമായി നിലകൊള്ളേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രിയുടെ ഓഫീസുമായി ചർച്ച നടത്തിയതിലെ ഔചിത്യത്തെ കുറിച്ച് ചർച്ചകളുയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധമായ തെരഞ്ഞെടുപ്പ് കമ്മീഷൻറെ വിനിമയം കേന്ദ്ര നിയമമന്ത്രാലയവുമായാണ് നടത്തേണ്ടത്. തെരഞ്ഞെടുപ്പ് സുരക്ഷയുടെ കാര്യങ്ങളുടെ ചുമതല കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ്.

ചർച്ചയിൽ പങ്കെടുക്കാനുള്ള കേന്ദ്രനിയമ മന്ത്രാലയത്തിന്റെ കത്തിനെ കുറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അതൃപ്തി അറിയിച്ചിരുന്നതായും യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരുന്നതായും ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ കത്തിനെ കുറിച്ച് നിയമമന്ത്രാലയം പ്രതികരിച്ചിട്ടില്ല.


According to The Indian Express, the Chief Election Commissioner and other Election Commissioners attended a meeting convened by the Prime Minister's Office. The commissioners received a letter from the law ministry asking them to attend a meeting chaired by PK Mishra, the principal secretary to the prime minister.

Similar Posts