പതഞ്ജലി കേസ്; പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്കും ഉത്തരവാദിത്തമുണ്ടെന്ന് സുപ്രിംകോടതി
|തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിച്ചാൽ സെലിബ്രിറ്റികളും ഒരുപോലെ കുറ്റക്കാരും ഉത്തരവാദികളുമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിച്ചാൽ സെലിബ്രിറ്റികളും ഒരുപോലെ കുറ്റക്കാരും ഉത്തരവാദികളുമെന്ന് സുപ്രിംകോടതി. പതഞ്ജലി കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. പെയ്ഡ് പ്രമോഷനുകൾ ഏറ്റെടുക്കുന്നതിന് സിസിപിഎയുടെ ( സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ) മാനദണ്ഡങ്ങളുണ്ടെന്നും ഇത് കർശനമായി പാലിക്കണമെന്നും ജസ്റ്റിസ് ഹിമ കോഹ്ലി, അസ്ഹനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നതിൽ പരസ്യ കമ്പനികൾക്കും അതിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്കും ഒരു പോലെ പങ്കുണ്ട്. അത് സിനിമാ താരങ്ങളാകട്ടെ ഇൻഫ്ളുവൻസേഴ്സ് ആകട്ടെ... ഒരു ഉത്പന്നം പ്രമോട്ട് ചെയ്യാനെടുക്കുമ്പോൾ അത് ആളുകളിലേക്ക് എങ്ങനെ എത്തുമെന്ന് ആലോചിക്കണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണെങ്കിൽ അതിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. അവരും ഒരുപോലെ കുറ്റക്കാരാണ്.
നിങ്ങൾക്ക് അറിവില്ലാത്തതോ വേണ്ടത്ര പരിചയമില്ലാത്തതോ ആയ ഉത്പന്നങ്ങൾ പരസ്യം ചെയ്ത് ഉപഭോക്താവിന്റെ വിശ്വാസം നശിപ്പിക്കരുത്. ഏത് ഉത്പന്നം പരസ്യം ചെയ്യാൻ ഏറ്റെടുക്കുന്നതിന് മുമ്പും അതിനെ കുറിച്ച് നന്നായി മനസ്സിലാക്കണം. ആ ഉത്പന്നത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അല്ല പരസ്യം ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തണം. സിസിപിഎയുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരസ്യം എന്നും ഉറപ്പാക്കണം. പ്രത്യേകിച്ച് ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തിൽ.
തിരഞ്ഞെടുക്കുന്ന ഓരോ ഉത്പന്നത്തെ പറ്റിയും ഉപഭോക്താവിന് കൃത്യമായ വിവരമുണ്ടാകണം എന്ന് ഉറപ്പു വരുത്താനാണ് ഈ മാനദണ്ഡങ്ങളൊക്കെ. അവ പാലിക്കാതെ വെറുതെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നത് ഉത്തരവാദിത്തമില്ലായ്മ തന്നെയാണ്"- കോടതി പറഞ്ഞു.
പതഞ്ജലിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ കേസിൽ വാദം കേൾക്കവേയാണ് കോടതി പരാമർശം നടത്തിയത്. പതഞ്ജലിയുടെ പരസ്യങ്ങൾ കുറേയധികം നാളുകളായി പൊതുമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കാഞ്ഞതും കമ്പനി സ്വന്തമായി ഉത്തരവാദിത്തം കാണിക്കാഞ്ഞതുമൊക്കെ കോടതി ചൂണ്ടിക്കാട്ടി. പിന്നീടാണ് ഇതൊരു ഗുരുതര പ്രശ്നമാണെന്ന് എടുത്ത് പറഞ്ഞ് പൊതുവായുള്ള കാര്യങ്ങൾ കോടതി പരാമർശിച്ചത്.