ജനസംഖ്യ സെൻസസ് 2025ൽ ആരംഭിക്കും; ഡാറ്റ 2026ൽ പ്രസിദ്ധീകരിക്കും
|ഇന്ത്യയിൽ അവസാനമായി സെൻസസ് രേഖപ്പെടുത്തിയത് 2011ലാണ്
ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെൻസസ് അടുത്തവർഷം ആരംഭിക്കുമെന്ന് റിപ്പോർട്ട്. 2025ൽ നടക്കുന്ന സെൻസസ് റിപ്പോർട്ട് 2026ൽ പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 13 വർഷം മുമ്പ് 2011 ലാണ് ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത്.
ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) അപ്‌ഡേറ്റ് ചെയ്യുന്നതിനായി സാധാരണ ഓരോ പത്ത് വർഷത്തിലും നടത്തുന്ന സെൻസസ് 2021-ൽ ഷെഡ്യൂൾ ചെയ്‌തിരുന്നെങ്കിലും കോവിഡ് കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. നാല് വർഷത്തെ കാലതാമസത്തിന് ശേഷമാണ് 2025 ൽ രാജ്യത്തെ ജനസംഖ്യയുടെ ഔദ്യോഗിക സർവെയായ സെൻസസ് രേഖപ്പെടുത്താൻ പോകുന്നത്.
ജാതി സെൻസസ് വേണമെന്ന് നിരവധി പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു എങ്കിലും സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വരാനിരിക്കുന്ന സെൻസസിൽ മതത്തെയും സാമൂഹിക വിഭാഗത്തെയും കുറിച്ചുള്ള സാധാരണ സർവേകളും ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ എണ്ണവും ഉൾപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ ജനറൽ, എസ്‌സി-എസ്‌ടി വിഭാഗങ്ങളിലെ ഉപവിഭാഗങ്ങളെയും സർവേ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
സെൻസസ് പ്രക്രിയകൾക്ക് ഉടൻ തുടക്കമാകുമെന്നാണ് സൂചന. നിലവിൽ രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃതുഞ്ജയ് കുമാർ നാരായൻ്റെ കേന്ദ്ര ഡെപ്യൂട്ടേഷൻ 2026 ഓഗസ്റ്റ് വരെ നീട്ടിയിട്ടുണ്ട്.
2011 ലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 121.1 കോടിയാണ്. അതിൽ 52 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളുമാണ്. ഈ സെൻസസ് സമയത്താണ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡറുകളെ കണക്കിൽ ഉൾപ്പെടുത്തുന്നത്. 20 കോടിയോളം ജനങ്ങളുള്ള ഉത്തർപ്രദേശാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം. ആറ് ലക്ഷത്തോളം ജനങ്ങളുള്ള സിക്കിമിലാണ് ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളത്.