നരേന്ദ്ര മോദിയെക്കുറിച്ച് പഠിക്കാൻ ഗവേഷണകേന്ദ്രം വരുന്നു; അണിയറയില്‍ മുൻ 'മോദി വിമർശകൻ'
|അലിഗഢ് മുൻ അധ്യാപകനായ ജാസിം മുഹമ്മദ് 2017ൽ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പഠനകേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചത്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഡൽഹിയിൽ ഗവേഷണകേന്ദ്രം വരുന്നു. സെന്റർ ഫോർ നരേന്ദ്ര മോദി സ്റ്റഡീസ് എന്ന പേരിലാണ് പഠന ഗവേഷണകേന്ദ്രം ഉടൻ ആരംഭിക്കാനിരിക്കുന്നത്. മുന്‍പ് മോദിയുടെ കടുത്ത വിമർശകനെന്നു വിശേഷിപ്പിക്കപ്പെടുന്ന ജാസിം മുഹമ്മദാണ് കേന്ദ്രത്തിനു പിന്നിലെന്ന് വാർത്താ പോർട്ടലായ 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്തു.
ഡൽഹിയിലെ റോസ് അവന്യുവിലുള്ള പഴയ ചന്ദ്രശേഖർ ഭവനിലെ മൂന്നുനില കെട്ടിടമാണ് മോദി പഠന ഗവേഷണ കേന്ദ്രമാക്കുന്നത്. മോദിയുടെ നേതൃ, ഭരണ മികവിനെക്കുറിച്ചും അന്താരാഷ്ട്ര നയതന്ത്രത്തെക്കുറിച്ചും പഠിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മൂന്നു മാസത്തിനകം കേന്ദ്രം പ്രവർത്തനസജ്ജമാകുമെന്നാണ് വിവരം.
അലിഗഢ് സർവകലാശാലയിലെ മുൻ അധ്യാപകനാണ് ജാസിം മുഹമ്മദ്. മോദി പഠനകേന്ദ്രത്തിന്റെ സ്ഥാപകനും സി.ഇ.ഒയും ജാസിമാണ്. നേരത്തെ മോദിയുടെ കടുത്ത വിമർശകനായിരുന്നു ഇദ്ദേഹം. നേരിൽകണ്ട ശേഷം മോദിയെക്കുറിച്ചുള്ള മനോഭാവം മാറിയെന്നാണ് ജാസിം പറയുന്നത്. 'മോദി ഒരു വ്യക്തിയല്ല, ഒരു ആശയമാണ്. മഹാത്മാ ഗാന്ധിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും ബി.ആർ അംബേദ്കറുടെയെല്ലാം പേരിൽ കേന്ദ്രങ്ങളുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വവും ആഘോഷിക്കാൻ എന്തുകൊണ്ട് ഒരു സ്ഥാപനം ആയിക്കൂടാ.'-ജാസിം മുഹമ്മദ് പറഞ്ഞു.
2017ൽ അലിഗഢ് മുസ്‌ലിം സർവകലാശാലയിൽ പൊതുട്രസ്റ്റായി നരേന്ദ്ര മോദി പഠനകേന്ദ്രം ആരംഭിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഡൽഹിയിലേക്ക് വ്യാപിപ്പിക്കുന്നത്. അടുത്ത ജൂൺ 19ന് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ ഇന്റർനാഷനൽ സെന്ററിൽ നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിയുടെ ജന്മദിനത്തിന് സെമിനാർ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാതൃദിനമായാണ് ഈ ദിവസം ആചരിക്കുന്നത്.
'നരേന്ദ്ര ഭായ് മോദി: ഫർസ് സെ അർഷ് തക്' ഉൾപ്പെടെ മോദിയെ പ്രശംസിച്ചുകൊണ്ടുള്ള ആറ് പുസ്തകങ്ങൾ ജാസിം ഉറുദുവിൽ രചിച്ചിട്ടുണ്ട്. 2017ൽ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പഠനകേന്ദ്രം ആരംഭിക്കാനുള്ള തീരുമാനമുണ്ടായത്. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, നയതന്ത്ര ഉദ്യോഗസ്ഥർ, അക്കാദമീഷ്യന്മാർ, മാധ്യമപ്രവർത്തകർ, ഗവേഷകർ ഉൾപ്പെടെയുള്ളവർ കേന്ദ്രത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം. സ്ഥാപനത്തിന് രാഷ്ട്രീയചായ്‌വുകളില്ലെന്നും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഗവേഷണ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നും ജാസിം മുഹമ്മദ് അവകാശപ്പെടുന്നു.
Summary: A research center is coming up in Delhi to study PM Narendra Modi's leadership. The Center for Narendra Modi Studies will be launched soon