സഹകരണ സ്ഥാപനങ്ങളെ നിരീക്ഷിക്കാൻ കേന്ദ്രം
|ദേശീയ ഡാറ്റാബേസ്, കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ എന്നിവ വഴിയാണ് സഹകരണ സ്ഥാപനങ്ങളെ നിരീക്ഷിക്കുക
ഡൽഹി:സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം. ദേശീയ ഡാറ്റാബേസ്, കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ എന്നിവ വഴിയാണ് സഹകരണ സ്ഥാപനങ്ങളെ നിരീക്ഷിക്കുക. കേന്ദ്ര മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ഇതിനായി ദേശീയ ഡാറ്റാബേസും മാതൃക ബൈലോയും തയാറായി.
പ്രാഥമിക സംഘങ്ങളെ അവയുടെ സംസ്ഥാനതല ഫെഡറേഷനുമായി ബന്ധിപ്പിക്കാനും ബുധനാഴ്ച നടന്ന കേന്ദ്ര മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. ദേശിയ സഹകരണ ഡാറ്റാബേസിന് പുറമേ സംസ്ഥാന സഹകരണ രജിസ്റ്റാറുമായി സഹകരിച്ച് പഞ്ചായത്ത് തലത്തിലെ സഹകരണ സംഘങ്ങളുടെ രാജ്യവ്യാപക മാപ്പിങ്ങ് നടത്തിയെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങള്‍ സ്വതന്ത്ര വായ്പാ സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തടസപ്പെടുത്താൻ പുതിയ നിയന്ത്രണങ്ങള്‍ ഇടയാക്കുമെന്ന വിലയിരുത്തലുകളുണ്ട്. നിലവിൽ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ സ്വകാര്യ വാണിജ്യ ബാങ്കുകളുടെ സഹായത്തോടെ എല്ലാ ആധുനിക ബാങ്ക് പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. നേരത്തെയും കേന്ദ്രം ഇത്തരം നീക്കവുമായി മുന്നോട്ട് വന്നിരുന്നു.