പ്രത്യേക ടിക്കറ്റ് ചെക്കിങ്: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ നടപടി കടുപ്പിക്കാൻ കേന്ദ്രം
|ഒക്ടോബർ ഒന്ന് മുതൽ 15 വരെയും ഒക്ടോബർ 25 മുതൽ നവംബർ 10 വരെയായിരിക്കും ഡ്രൈവ്
ന്യൂഡൽഹി: ഉത്സവ സീസണുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പരിശോധിക്കാൻ പ്രത്യേക ടിക്കറ്റ് ചെക്കിങ് ഡ്രൈവ് ആരംഭിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. പ്രത്യേക ഡ്രൈവ് ആരംഭിക്കാനാവശ്യപ്പെട്ട് മന്ത്രാലയം സെപ്റ്റംബർ 20ന് 17 സോണുകളുടെ ജനറൽ മാനേജർമാർക്ക് കത്തെഴുതി. ഒക്ടോബർ ഒന്ന് മുതൽ 15 വരെയും ഒക്ടോബർ 25 മുതൽ നവംബർ 10 വരെയായിരിക്കും ഡ്രൈവ്. റെയിൽവേ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കാനും നിർദേശിച്ചു.
സാധാരണക്കാർക്കൊപ്പം പൊലീസുകാർക്കെതിരെയും പരിശോധന ശക്തമാക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. പൊലീസുകാരാണ് നിയമം ലംഘിക്കുന്നതിൽ മുൻപന്തിയിൽ എന്നതിനാലാണ് നടപടിയെന്ന് അവർ കൂട്ടിച്ചേർത്തു. ഗാസിയാബാദിനും കാൺപൂരിനും ഇടയിൽ തങ്ങൾ അടുത്തിടെ നടത്തിയ ചെക്കിങ്ങിൽ എസി കോച്ചുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന നൂറുകണക്കിന് പൊലീസുകാരെ കണ്ടെത്തി. അവർക്ക് പിഴ ചുമത്തിയപ്പോൾ, ആദ്യം അവർ പണം നൽകാൻ വിസമ്മതിച്ചു. പിന്നീട് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
2023-24 സാമ്പത്തിക വർഷത്തിൽ, ടിക്കറ്റോ,ശറിയായ യാത്രാരേഖകളോ ഇല്ലാതെ യാത്ര ചെയ്ത 361.045 ലക്ഷം യാത്രക്കാരെ റെയിൽവേ ഉദ്യോഗസ്ഥർ പിടികൂടി. ഇവരിൽ നിന്ന് 2231.74 കോടി രൂപ പിഴയായി ഈടാക്കുകയും ചെയ്തു.