India
കേന്ദ്ര ബജറ്റ്: ആദായ നികുതിയിളവ് പ്രഖ്യാപിച്ചേക്കും
India

കേന്ദ്ര ബജറ്റ്: ആദായ നികുതിയിളവ് പ്രഖ്യാപിച്ചേക്കും

Web Desk
|
30 Jan 2022 1:53 AM GMT

ഭവന വായ്പകൾക്കുള്ള ആദായ നികുതി പരിധി നിലവിലെ ഒന്നരലക്ഷം രൂപയിൽ നിന്നു രണ്ടു ലക്ഷമായി ഉയർത്തിയേക്കാം

ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്ന് സൂചന. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കം മൂലമാണ് ആദായ നികുതി ഇളവിനെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ് ആകാനാണ് സാധ്യത.

കോവിഡിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ജനകീയ പ്രഖ്യാപനങ്ങള്‍ ഫെബ്രുവരി ഒന്നിലെ കേന്ദ്രബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. ഉത്തര്‍പ്രദേശ്, പഞ്ചാബ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് വോട്ടിൽ കണ്ണുംനട്ട് പല നിർദേശങ്ങളും ബജറ്റിൽ പ്രതീക്ഷിക്കാം. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ നേരത്തെ കുറെ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്കു കൂടുതൽ പരിഷ്കരണ പ്രഖ്യാപനങ്ങൾക്കു സർക്കാർ മുതിരാന്‍ സാധ്യതയില്ല.

എന്നാല്‍ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. നിലവിലെ സ്ലാബ് പ്രകാരം 10 ലക്ഷം വരെ വാര്‍ഷിക വരുമാനുള്ളവര്‍ക്ക് 30 ശതമാനമാണ് നികുതി. ഇത് 15 ലക്ഷം വരെ 20 ശതമാനമാക്കാന്‍ സാധ്യതയുണ്ട്. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം വരെ ആക്കിയേക്കും. കോർപറേറ്റ് നികുതി നിരക്കുകളിൽ നേരത്തേതന്നെ കൂടുതൽ ഇളവുകൾ വരുത്തിയിട്ടുള്ളതിനാൽ ഇതില്‍ മാറ്റം വന്നേക്കില്ല.

റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഭവന വായ്പകൾക്കുള്ള ആദായ നികുതി പരിധി നിലവിലെ ഒന്നരലക്ഷം രൂപയിൽ നിന്നു രണ്ടു ലക്ഷമായി ഉയർത്തിയേക്കാം. തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് കർഷകർക്കുള്ള രാസവള സബ്സിഡി കൂട്ടിയേക്കും. കര്‍ഷകര്‍ക്ക് അനുകൂലമായ മറ്റ് പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് ബാധിച്ച് യാതൊരു സഹായവും കിട്ടാത്തവര്‍ക്കായി പ്രത്യേക പാക്കേജിനുള്ള സാധ്യതയുമുണ്ട്.

Related Tags :
Similar Posts