India
അഗ്നിപഥിനെതിരെ പ്രതിഷേധം: 35 വാട്‌സ്ആപ് ഗ്രൂപ്പുകൾ കേന്ദ്രസർക്കാർ  നിരോധിച്ചു
India

അഗ്നിപഥിനെതിരെ പ്രതിഷേധം: 35 വാട്‌സ്ആപ് ഗ്രൂപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു

Web Desk
|
19 Jun 2022 4:10 PM GMT

വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് വാട്‌സ്ആപ് ഗ്രൂപ്പുകൾ കേന്ദ്രആഭ്യന്തര മന്ത്രാലയം നിരോധിച്ചത്

ന്യൂഡൽഹി: അഗ്നിപഥിനെതിരെ പ്രതിഷേധം നടന്ന 35 വാട്‌സ്ആപ് ഗ്രൂപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് വാട്‌സ്ആപ് ഗ്രൂപ്പുകൾ കേന്ദ്രആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. അഗ്നിപഥിനെതിരെ പ്രതിഷേധിച്ച 35 പേർ യു.പിയിലെ അലിഗഢിൽ അറസ്റ്റിലായിരുന്നു. ഇവരിൽ ഒമ്പത് കോച്ചിങ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുമുണ്ടെന്നാണ് വിവരം. രാജ്യമെങ്ങും അഗ്നിപഥിനെതിരെ ഉദ്യോഗാർഥികളുടെ പ്രതിഷേധം നടക്കവേ പദ്ധതിപ്രകാരമുള്ള റിക്രൂട്ട്‌മെന്റ് തിയതികൾ സേനകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ പ്രതിരോധ മന്ത്രാലയം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കരസേന, നാവിക സേന, വ്യോമസേന എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിവരങ്ങൾ അറിയിച്ചത്.



കരസേനാ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെ പുറത്തിറക്കുമെന്നും പരിശീലനം രണ്ട് ഘട്ടമായി നടക്കുമെന്നും അധികൃതർ അറിയിച്ചു. ആദ്യ ഘട്ട പരിശീലനം ഡിസംബർ ആദ്യത്തിലും രണ്ടാംഘട്ടം ജനുവരി 23നും നടക്കുമെന്നും പറഞ്ഞു. കരസേനയിൽ റിക്രൂട്ട്‌മെന്റ് ഓഗസ്റ്റ് പകുതിക്ക് ശേഷം നടക്കുമെന്നും അതിന്റെ രജിസ്‌ട്രേഷൻ ജൂൺ 24 മുതൽ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. ഓൺലൈൻ പരീക്ഷ ജൂലൈ 24ന് നടക്കുമെന്നും ആദ്യത്തെ ബാച്ചിന്റെ പ്രവേശനം ഡിസംബറിൽ നടക്കുമെന്നും വ്യക്തമാക്കി. പരിശീലനം ഡിസംബർ 30 നകം ആരംഭിക്കുമെന്നും പറഞ്ഞു.


അഗ്‌നിപഥ് നടപടികൾ ജൂൺ 24 ന് ആരംഭിക്കുമെന്നും ആദ്യ ഘട്ട ഓൺലൈൻ പരീക്ഷ ജൂലൈ 24ന് നടക്കുമെന്നും എയർഫോഴ്‌സ് വക്താവ് അറിയിച്ചു. ആദ്യബാച്ചിന്റെ ട്രെയ്‌നിങ് ഡിസംബർ 30 ന് തുടങ്ങുമെന്നും അഗ്‌നിവീറായി വനിതകൾക്ക് അവസരം നൽകുമെന്നും പറഞ്ഞു. നാവികസേനയും അഗ്‌നിപഥ് നടപടികളിലേക്ക് നീങ്ങുകയാണ്. ഈ മാസം 25ന് റിക്രൂട്ട്‌മെന്റ് പരസ്യം പ്രസിദ്ധീകരിക്കും. നാവികസേനയിലേക്കുള്ള ഓൺലൈൻ പരീക്ഷ ഒരുമാസത്തിനകം നടക്കും. നവംബർ 21ന് ആദ്യ ബാച്ച് പരിശീലനം തുടങ്ങും അധികൃതർ അറിയിച്ചു.



അതേസമയം, ഏതെങ്കിലും കേസിൽ പ്രതിയായവർക്ക്‌ അഗ്നിപഥിൽ ഇടമുണ്ടാകില്ലെന്നും എഫ്.ഐ.ആറിൽ പേരുള്ളവരെ ഒഴിവാക്കുമെന്നും ലെഫ്.ജനറൽ അനിൽ പുരി അറിയിച്ചു. അച്ചടക്കം പരമപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഗ്നിപഥ് അനിവാര്യമായി പരിഷ്‌കരണമെന്നും 1989 മുതൽ പദ്ധതിയെപ്പറ്റി ചർച്ച നടക്കുന്നുണ്ടന്നും പ്രതിരോധമന്ത്രാലയ അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് ലക്ഷ്യമെന്നും സൈനിക പരിഷ്‌കാരത്തിന്റെ ഭാഗമായി 33 വർഷമായി പദ്ധതി ചർച്ചയിലുണ്ടെന്നും സൈനിക കാര്യ വകുപ്പ് അഡീ.സെക്രട്ടറി ലഫ്.ജനറൽ അനിൽ പുരി പറഞ്ഞു. ജൂൺ 14 ന് പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി പ്രകാരം സേനയിലെത്തുന്ന അഗ്‌നിവീരർക്ക് കാന്റീൻ ഇളവുകൾ ലഭിക്കുമെന്നും ഒരു കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

17,600 സൈനികർ ഓരോ വർഷവും വിരമിക്കുന്നുണ്ടെന്നും വിരമിക്കുന്നവർ എന്ത് ചെയ്യുന്നതായി ആരും ചോദിക്കാറില്ലെന്നും അനിൽ പുരി ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിൽ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും ആദ്യഘട്ടത്തിൽ മാത്രമാണ് 46,000 പേരെ എടുക്കുന്നതെന്നും പടിപടിയായി എണ്ണം വർധിപ്പിച്ചു 1.25 ലക്ഷം വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

central government has banned 35 WhatsApp groups protesting against Agnipath

Similar Posts