ബ്രിജ്ഭൂഷണ് കുരുക്ക് മുറുകുന്നു; ഗുസ്തി താരങ്ങളുടെ ആവശ്യത്തോട് കേന്ദ്ര സർക്കാർ വഴങ്ങിയതായി സൂചന
|അറസ്റ്റ് നടപടികളിലേക്ക് വൈകാതെ കടന്നേക്കും
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിന് കുരുക്ക് മുറുകുന്നു. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന താരങ്ങളുടെ നിർബന്ധത്തിന് കേന്ദ്ര സർക്കാർ വഴങ്ങിയതായി സൂചന. ബി.ജെ.പിയിൽ തുടരുന്ന അഭിപ്രായ ഭിന്നതയാണ് ബ്രിജ്ഭൂഷൺ ശരൺ സിംഗിന് വിനയായത്. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ സംബന്ധിച്ച് കർഷക സംഘടനകളുമായി ഗുസ്തി താരങ്ങൾ ഇന്ന് മുതൽ ചർച്ചകൾ ആരംഭിക്കും.
കൈസർഗഞ്ചിൽ നിന്നുള്ള എംപി കൂടിയായ ബ്രിജ്ഭൂഷണെ കൈവിടാൻ ബിജെപി ഒരുങ്ങുന്നു എന്ന സൂചനയാണ് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ നൽകിയത്. പ്രായപൂർത്തിയാകാത്ത താരം ഉൾപ്പടെ പരാതിക്കാർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളിലും ഉത്തർപ്രദേശ് ബിജെപിക്ക് ഉള്ളിലും ബ്രിജ്ഭൂഷൺ വിഷയത്തിൽ തുടരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഗുസ്തി ഫെഡറേഷന് അധ്യക്ഷൻ്റെ അറസ്റ്റിനുള്ള സാഹചര്യം ഒരുക്കുന്നത്.
വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനും ഒളിംപിക്സിനും താരങ്ങളെ സജ്ജമാക്കാൻ വേണ്ടിയാണ് പ്രശ്ന പരിഹാരത്തിനായി കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് എന്നാണ് അവകാശവാദം. അതേസമയം, ജൂൺ പതിനഞ്ച് വരെ സമരം ഉണ്ടാകില്ല എന്ന് പ്രഖ്യാപിച്ച ഗുസ്തി താരങ്ങൾ സമരം അവസാനിക്കുന്നില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച ഫോർമുലകൾ കർഷക സംഘടനാ നേതാക്കളുമായും ഖാപ് നേതാക്കളുമായും താരങ്ങൾ ചർച്ച ചെയ്യും. ഞായറാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച മഹാ പഞ്ചായത്ത് ഉൾപ്പടെ കേന്ദ്ര സർക്കാർ അഭ്യർത്ഥനയെ തുടർന്ന് താരങ്ങൾ മാറ്റി വെച്ചിട്ടുണ്ട്.