തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് കേന്ദ്രത്തിൽ സുപ്രധാന തസ്തികകളിൽ തിരക്കിട്ട് നിയമനം; നടപടി അസ്വാഭാവികമെന്ന് വിമര്‍ശനം
|ജയിക്കുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് മോദി ഇങ്ങനെ ചെയ്യുന്നതെന്ന് പ്രശാന്ത് ഭൂഷൺ
ഡൽഹി: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടു മുമ്പ് കേന്ദ്രസർക്കാരിന്‍റെ നിർണായക പദവികളിൽ തിരക്കിട്ട് നിയമനം. അഞ്ച് പ്രധാന തസ്തികകളിലെ നിയമനത്തിനാണ് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയത്. സർക്കാർ നടപടി അസ്വാഭാവികമാണെന്നും തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് മോദിക്ക് ഉറപ്പില്ലെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. സെക്രട്ടറിതലത്തിൽ പുതിയ നിയമനങ്ങൾ അടക്കമുള്ള ഉദ്യോഗസ്ഥ പുനഃസംഘടനക്കാണ് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയിരിക്കുന്നത്.
ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാർ തൃപാഠിയെയാണ് ലോക്പാൽ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. നിയമ സെക്രട്ടറിയായി രാജ്കുമാർ ഗോയലിനേയും അതിർത്തി മാനേജ്മെന്റ് വകുപ്പ് സെക്രട്ടറിയായി അമിത് യാദവിനേയും നിയമിച്ചു. സാമൂഹ്യനീതി വകുപ്പിലെ സെക്രട്ടറി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ചെയർമാൻ എന്നീ തസ്തികകളിലും പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചു.
തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് നിയമനം. തെരഞ്ഞെടുപ്പ് കാലത്ത് നിയമനം നടത്തണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി വാങ്ങേണ്ടതുണ്ട്. ഇതിനായി പ്രത്യേക കാരണങ്ങളും വേണം. എന്നാൽ അനുമതി വാങ്ങിയതായി സൂചനയില്ല.തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് നടത്തിയ നിയമനങ്ങൾ അസ്വാഭാവികമാണെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. ജയിക്കുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് മോദി ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.