അഫ്‌സ്പ പിൻവലിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഉടൻ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി
|അസമിലെ റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
ഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും അഫ്‌സ്പ നിയമം പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കുറ്റ കൃത്യങ്ങൾ കുറഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു
സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം പിൻവലിക്കണമെന്നുള്ളത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഉടൻ തന്നെ ഈ ആവശ്യം നിറവേറ്റുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം. 'സുസ്ഥിര ശാന്തിയും സമാധാനവും കഴിഞ്ഞ എട്ട് വർഷം കൊണ്ട് പല വടക്ക് കിഴക്കൻ മേഖലകളിലും യാഥാർത്ഥ്യമായി. ഇതിന്റെ ഫലമായി 75% കുറവാണ് കുറ്റകൃത്യങ്ങളിൽ ഉണ്ടായത്. ത്രിപുരയിലും മേഘാലയയിലും സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം പിൻവലിച്ചത് ഇതിന് ഉദാഹരണമായെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഇടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ അഫ്‌സ്പ പിൻവലിക്കണമെന്ന ആവശ്യം നിരന്തരം ഉയരുന്നുണ്ട്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും മുമ്പ് അഫ്‌സ്പ പോലെയുള്ള നിയമങ്ങൾ പിൻവലിച്ച് ജനപ്രീതി വർധിപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്.