'പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദി കേന്ദ്ര സർക്കാർ': ജനറൽ ശങ്കർ റോയ്‌ചൗധരി
|ജവാൻമാർ ശ്രീനഗറിലേക്ക് വിമാനമാർഗം യാത്ര ചെയ്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും ജനറൽ ശങ്കർ റോയ്‌ചൗധരി
ഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന് ജനറൽ ശങ്കർ റോയ്‌ചൗധരി(18-ാമത് കരസേനാ മേധാവി). സി.ആർ.പി.എഫ് ജവാൻമാർ ശ്രീനഗറിലേക്ക് വിമാനമാർഗം യാത്ര ചെയ്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. ദേശീയ സുരക്ഷ ഏജൻസിക്കും ഇന്റലിജൻസ് വീഴ്ചയിൽ ഉത്തരവാദിത്തമുണ്ട്. ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ പതിനെട്ടാമത് കരസേന മേധാവിയുടെ വിമർശനം.
അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു വിമാനം നൽകിയിരുന്നെങ്കിൽ നമ്മുടെ ജവാന്മാർക്ക് ജീവൻ നഷ്ടപ്പെടുത്തേണ്ട അവസ്ഥ വരില്ലായിരുന്നെന്നും ജനറൽ ശങ്കർ റോയ്‌ചൗധരി പറഞ്ഞു.
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചതായി ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് വെളിപ്പെടുത്തിയിരുന്നു. വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നും ദി വയറിനു നൽകിയ അഭിമുഖത്തിൽ സത്യപാൽ മാലിക് ആരോപിച്ചിരുന്നു.
ആക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണ്. ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടു, പക്ഷെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നു. ഈ വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടെന്നും സത്യപാൽ മാലിക് വ്യക്തമാക്കി. അതേസമയം രാജ്യത്ത് നടക്കുന്ന അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാതൊരു പ്രശ്നമില്ലെന്നുമാണ് സത്യപാൽ മാലിക്ക് പറഞ്ഞത്.
പുൽവാമ ഭീകരാക്രമണത്തെ കുറിച്ചുള്ള ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ബി.ജെ.പിയും കേന്ദ്ര സർക്കാറും പ്രതിരോധത്തിലായിരുന്നു . എന്നാൽ ആരോപണത്തിൽ പ്രതികരിക്കാൻ ഇതുവരെ ബി.ജെ.പി തയ്യാറായിട്ടില്ല. സത്യപാൽ മാലിക്കിന്‍റെ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപൊരയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. ദേശീയപാത 44ൽ അവന്തിപൊരക്ക് അടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ വാൻ, സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉഗ്രസ്ഫോടനത്തിൽ ബസിലെ 49 സൈനികർക്ക് ജീവൻ നഷ്ടമായി.
എന്നാൽ സംഭവം നടന്നു നാലു വർഷങ്ങൾക്കിപ്പുറമാണ് അന്നത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ നിർണായ വെളിപ്പെടുത്തൽ ഉണ്ടായത്. പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണ്. സർക്കാരിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയിൽ ഭീകരക്രമണത്തെ ഉപയോഗിച്ചു എന്നും സത്യപാൽ ആരോപിച്ചു. സ്വന്തം പാളയത്തിലെ ഒരു ഉന്നത നേതാവ് തന്നെ ഗുരുതരമായ ആരോപണം ഉയർത്തിയതോടെ ബി.ജെ.പി പ്രതിരോധത്തിലാണ്. പക്ഷെ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.
അതേസമയം പുൽവാമ ഭീകരാക്രമണ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. സത്യപാൽ മാലിക്കിന്റെ ആരോപണം ഗൗരവമേറിയതാണ്, പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു കഴിഞ്ഞു. കർണാടക തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന സാഹചര്യത്തിൽ മാലിക്കിന്റെ വെളിപ്പെടുത്തൽ പ്രതിപക്ഷ പാർട്ടികൾ പ്രചാരണ ആയുധമാക്കാനാണ് സാധ്യത.