'ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പകപോക്കുന്നു'; നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കെ.സി വേണുഗോപാൽ
|'എല്ലാ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് മാറ്റുന്നു...ഇത് എന്തൊരു ജനാധിപത്യമാണ്..?'
ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി എംപി ഇ.ഡിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായതിന് പിന്നാലെ രാഹുലിനെ അനുഗമിച്ച നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പകപോക്കുകയാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
എല്ലാ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് മാറ്റുന്നു...ഇത് എന്തൊരു ജനാധിപത്യമാണ്..? ഒരു വശത്ത് ഇ.ഡിയെ ഉപയോഗിച്ച് കൊണ്ട് രാഷ്ട്രീയ വിരോധം തീർക്കുകയും മറു വശത്ത് പ്രധിഷേധക്കാരെ കരി നിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് അറസ്റ്റ് ചെയ്യുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധി ഉൾപ്പെടെ നൂറു കണക്കിന് നേതാക്കളും പ്രവർത്തകരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ചോദ്യംചെയ്യൽ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ്. എന്നാൽ ഡൽഹിയിലെ ഇ.ഡി ഓഫീസ് മാർച്ചിന് പൊലീസ് അനുമതി നൽകിയില്ല. എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് ആസ്ഥാനത്തേക്കുള്ള മുഴുവൻ റോഡുകളും അടച്ചു.