കർഷക സമരത്തിന് മുന്നില് മുട്ടുമടക്കി കേന്ദ്രം, വിവാദ കാർഷിക നിയമങ്ങള് പിൻവലിക്കും; കർഷകരുടെ വേദന മനസ്സിലാക്കുന്നതായി പ്രധാനമന്ത്രി
|കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും എന്നാൽ ഒരു വിഭാഗത്തെ ഇപ്പോഴും ഇത് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി
വിവാദമായ മൂന്നു കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ പിൻവലിക്കുമെന്നും പാർലമെന്റ് സമ്മേളനത്തിൽ ഇക്കാര്യം അറിയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും. കർഷകൾ ഭൂരിഭാഗവും ദരിദ്രരാണെന്നും അവരുടെ വേദന മനസ്സിലാക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം. നിയമം മൂലമുണ്ടായ ബുദ്ധിമുട്ടിൽ കർഷകരോട് പ്രധാനമന്ത്രി മാപ്പു പറയുകയും ചെയ്തു. രണ്ട് വർഷത്തേക്ക് നിയമം നടപ്പാക്കുന്നത് നീട്ടിവെക്കുമെന്നും പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ നിയമം എന്തുകൊണ്ട് പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞില്ല. സമരം അവസാനിപ്പിക്കാനും കർഷരോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
നിയമങ്ങൾ രാജ്യത്താകമാനം ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയാക്കിയിരുന്നു. ഇവയാണ് അഞ്ചു സംസ്ഥാനങ്ങളിലടക്കം നിരവധി തെരഞ്ഞെടുപ്പകൾ നടക്കാനിരിക്കെ മോദി സർക്കാർ പിൻവലിച്ചിരിക്കുന്നത്. ഒരു വർഷം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് നടപടി. വരുന്ന ശൈത്യകാല പാർലമെൻറ് സമ്മേളനത്തിലാണ തുടർനടപടി ഉണ്ടാകുക. നിയമം പിൻവലിച്ചില്ലെങ്കിൽ പാർലമെൻറിലേക്കും എം.പിമാരുടെ ഓഫിസുകളിലേക്കും കർഷക സംഘടനകൾ മാർച്ച് പ്രഖ്യാപിച്ചിരുന്നു.
അധികാരത്തിലെത്തിയ ശേഷം കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവെന്നും ചെറുകിട കർഷകർക്കായി കേന്ദ്രം വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടെ അധിക വരുമാനം കർഷകർക്ക് ലഭിക്കാൻ പുതിയ നിയമങ്ങൾക്ക് സഹായിച്ചു. പ്രഥമ പരിഗണന നൽകിയത് കർഷകരുടെ ക്ഷേമത്തിനാണ്. നഷ്ടപരിഹാരമായി ഒരു ലക്ഷം കോടി കർഷകർക്ക് നൽകി. മുൻ വർഷങ്ങളേക്കാൾ കാർഷിക ഉത്പാദനം വർധിപ്പിക്കാൻ കഴിഞ്ഞു. കർഷകരുടെ ക്ഷേമം പരിഗണിച്ചാണ് സർക്കാർ എല്ലാം ചെയ്യുന്നത്. താങ്ങുവില കൂട്ടി, ബജറ്റ് അഞ്ചിരട്ടി വിഹിതം വർധിപ്പിച്ചു. നഷ്ടപരിഹാരമായി ഒരു ലക്ഷം കോടി കർഷകർക്ക് നൽകി. കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ എല്ലാം ചെയ്യുന്നുണ്ട് - പ്രധാനമന്ത്രി അവകാശപ്പെട്ടു.
കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും എന്നാൽ ഒരു വിഭാഗത്തെ ഇപ്പോഴും ഇത് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും കർഷകരുമായി ഇപ്പോഴും ആശയവിനിമയം നടത്തികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിൽ ആശംസ പറഞ്ഞ പ്രധാനമന്ത്രി ഒന്നര വർഷത്തിന് ശേഷം കർത്താർപൂർ ഇടനാഴി തുറന്നതായും അറിയിച്ചു.
കാർഷിക പരിഷ്കരണ നിയമങ്ങൾ സംബന്ധിച്ച കേസ് സുപ്രീംകോടതിയിലെത്തിയിരുന്നു. തുടർന്ന് വിഷയം ചർച്ച ചെയ്യാൻ ഉന്നതതല സമിതി വേണമെന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. എന്നാൽ കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ഏഴോളം ചർച്ചകൾ പരാജയപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതോടെയാണ് ചർച്ച പരാജയപ്പെട്ടിരുന്നത്. നിയമം പാസ്സാക്കുന്നതിന് മുൻപ് മതിയായ കൂടിയാലോചനകൾ സർക്കാർ നടത്തിയില്ലെന്ന് കോടതി വിമർശിച്ചു. മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുമായുള്ള ചർച്ചയിൽ സമവായം ഉണ്ടാക്കാത്തതിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേട്ടിരുന്നത്. നിയമം തത്കാലത്തേക്ക് മരവിപ്പിച്ചു കൊണ്ട് ചർച്ചകൾ നടത്തി കൂടെ എന്ന് കോടതി ചോദിച്ചിരുന്നു.
കർഷകരുടെ പ്രതിസന്ധി ഇല്ലാതാക്കുന്നതോടൊപ്പം പുതിയ അവകാശങ്ങളും അവസരങ്ങളും നൽകുന്നതാണ് കാർഷിക നിയമങ്ങളെന്ന് മൻ കി ബാത്തിൽ മുമ്പ് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മതിയായ ചർച്ചകൾക്ക് ശേഷമാണ് നിയമങ്ങൾ കൊണ്ടുവന്നത്. വർഷങ്ങളായുള്ള കർഷകരുടെ ആവശ്യമാണ് നിയമം നടപ്പാക്കിയതിലൂടെ സാക്ഷാത്കരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.