ഹൈക്കോടതി ജഡ്ജിമാരായി കൊളീജിയം ശിപാർശ ചെയ്ത 20 പേരുകൾ കേന്ദ്ര സർക്കാർ തള്ളി
|സ്വവര്‍ഗാനുരാഗിയാന്നെന്നു പ്രഖ്യാപിച്ചതിനാലാണ് തന്‍റെ പേര് അംഗീകരിക്കാത്തതെന്ന് സൗരഭ് കിര്‍പാല്‍ നേരത്തെ പറയുകയുണ്ടായി
ഹൈക്കോടതി ജഡ്ജിമാരായി കൊളീജിയം ശിപാർശ ചെയ്ത 20 പേരുകൾ കേന്ദ്ര സർക്കാർ തള്ളി. മുതിർന്ന അഭിഭാഷകൻ സൗരഭ് കിർപാൽ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉൾപ്പെട്ട ഫയൽ കേന്ദ്രം തിരിച്ചയച്ചു. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം വൈകുന്നതിൽ കഴിഞ്ഞ ദിവസവും സുപ്രിംകോടതി അതൃപ്തി അറിയിച്ചിരുന്നു.
കൊളീജിയം ശിപാർശകളിൽ കേന്ദ്രസർക്കാർ കാലതാമസം വരുത്തുന്നതിൽ സുപ്രിംകോടതിയുടെ അതൃപ്തി നിലനിൽക്കെയാണ് പേരുകൾ തിരിച്ചയച്ചത്. 20 പേരുകളിൽ 9 പേരെ പലവട്ടം ശിപാർശ ചെയ്തതാണ്. മുതിർന്ന അഭിഭാഷകനായ സൗരഭ് കിർപാൽ അടക്കമുള്ളവർ തിരിച്ചയക്കപ്പെട്ട പട്ടികയിലുണ്ട്. ഡൽഹി ഹൈക്കോടതി 2017ൽ സുപ്രിംകോടതിക്ക് ശിപാർശ ചെയ്യുകയും സുപ്രിംകോടതി കൊളീജിയം കഴിഞ്ഞ വര്‍ഷം കേന്ദ്ര സർക്കാരിന് നിർദേശിക്കുകയും ചെയ്ത പേരാണ് സൗരവ് കിര്‍പാലിന്‍റേത്. ഇത്തവണ വീണ്ടും കൊളീജിയം അയച്ചിരുന്നു.
ഒരിക്കൽ കേന്ദ്രം മടക്കിയ പേരുകൾ സുപ്രിംകോടതി കൊളീജിയം വീണ്ടും അയച്ചാൽ കേന്ദ്രം അംഗീകരിക്കുകയാണ് കീഴ്‍വഴക്കം. ഇത്തരം എല്ലാ മുൻപതിവുകളും തെറ്റിച്ചാണ് കടുത്ത അതൃപ്തിയോടെ തിരിച്ചയച്ചിരിക്കുന്നത്. താൻ സ്വവര്‍ഗാനുരാഗിയാന്നെന്നു പ്രഖ്യാപിച്ചതിനാലാണ് പേര് അംഗീകരിക്കാൻ കൂട്ടാക്കാത്തതെന്ന് സൗരഭ് കിര്‍പാല്‍ നേരത്തെ തുറന്നടിച്ചിരുന്നു. കൊളീജിയം സമ്പ്രദായത്തെ പോലും ചോദ്യംചെയ്ത കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുവിനു സുപ്രിംകോടതി ഇന്നലെ പരോക്ഷ മറുപടി നൽകിയിരുന്നു. കൊളീജിയം സംവിധാനം രാജ്യത്തെ നിയമ വ്യവസ്ഥയുടെ ഭാഗമാണെന്ന് പൊതുതാൽപര്യ ഹരജി പരിഗണിക്കവെ ജസ്റ്റിസ് എസ്.കെ കൗൾ വ്യക്തമാക്കിയിരുന്നു. ശിപാർശകൾ മടക്കിയതിലൂടെ കേന്ദ്രവും സുപ്രിംകോടതിയും തമ്മിലുള്ള ശീതയുദ്ധത്തിന് പുതിയ മാനങ്ങൾ കൈവരുകയാണ്.