India
അഗ്നിപഥില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം
India

അഗ്നിപഥില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം

Web Desk
|
17 Jun 2022 6:07 AM GMT

അഗ്നിപഥ് സ്കീം പിൻവലിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‍നാഥ് സിങ്

ഡല്‍ഹി: പ്രതിഷേധം ആളിക്കത്തുന്നതിനിടയിലും ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്‍റ് സ്കീമായ അഗ്നിപഥില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അഗ്നിപഥ് സ്കീം പിൻവലിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‍നാഥ് സിങ് പറഞ്ഞു. രണ്ട് വർഷമായി സൈന്യത്തിലേക്ക് നിയമനം നടത്താത്തതിനാലാണ് പ്രായപരിധി ഉയർത്തിയതെന്നും മന്ത്രി പറഞ്ഞു.

സൈന്യത്തിലെ കരാർ നിയമനത്തിനായുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ബിഹാറിൽ രണ്ട് ട്രെയിനുകൾക്ക് തീവെച്ചു. മൊഹിയുദ്ദി നഗര്‍ സ്റ്റേഷനിലാണ് പാസഞ്ചർ ട്രെയിൻ കത്തിച്ചത്. ജമ്മുതാവി-ഗുവാഹത്തി എക്സ്പ്രസ് ട്രെയിനിനും പ്രതിഷേധക്കാര്‍ തീയിട്ടു. ഉത്തർപ്രദേശിൽ ഒരു ട്രെയിൻ പ്രതിഷേധക്കാർ അടിച്ചു തകർത്തു. ബാലിയ സ്റ്റേഷനിലാണ് സംഭവം. തുടര്‍ന്ന് പൊലീസെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്. ഡൽഹി- കൊൽക്കത്ത നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാത പ്രതിഷേധക്കാർ അടച്ചു.

പദ്ധതിയുടെ ഭാഗമായി സേനയിൽ ചേരാനുള്ള ഉയർന്ന പ്രായപരിധി കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു. വരുൺ ഗാന്ധി എംപി ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടിക്കുള്ളിൽ നിന്നുതന്നെ അഗ്നിപഥ് പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചതോടെയാണ് കേന്ദ്രസർക്കാർ മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി സേനയിൽ ചേരാനുള്ള ഉയർന്ന പ്രായപരിധി 21ല്‍ നിന്നും 23 ആക്കി കേന്ദ്രസർക്കാർ ഉയർത്തി. കഴിഞ്ഞ രണ്ടു വർഷമായി സേനയിലേക്ക് റിക്രൂട്ട്മെന്‍റ് നടക്കാത്ത സാഹചര്യത്തിലാണ് പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിക്കുന്നത് എന്നാണ് കേന്ദ്ര സർക്കാരിൻറെ അവകാശവാദം.

ബിഹാർ, യുപി ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങൾക്കു പുറമേ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചേക്കാം എന്നാണ് കേന്ദ്ര സർക്കാരിൻറെ ആശങ്ക. ബിഹാറിൽ മാത്രം ഇന്നലെ 10 ജില്ലകളിൽ നടന്ന സംഘർഷങ്ങളിൽ മൂന്ന് ട്രെയിനുകൾക്കാണ് പ്രതിഷേധക്കാർ തീവെച്ചത്. കോൺഗ്രസ്, ജെ.ഡി.യു, സി.പി.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിൻറെ അഗ്നിപഥ് പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന് പിന്തുണയുമായി ഹരിയാന സംസ്ഥാന സർക്കാര്‍ അഗ്നിപഥ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സേനയിൽ ചേരുന്നവർക്ക് സംസ്ഥാന പൊലീസിൽ പരിഗണന നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Related Tags :
Similar Posts