പുൽവാമയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച; മറച്ചുവെക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തൽ
|ആക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നും ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചതായി വെളിപ്പെടുത്തൽ. ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നും ദി വയറിനു നൽകിയ അഭിമുഖത്തിൽ സത്യപാൽ മാലിക് വെളിപ്പെടുത്തി.
ആക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നും അദ്ദേഹം പറയുന്നു. പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണ്. ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടു. പക്ഷെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നു.
ഈ വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടെന്നും സത്യപാൽ മാലിക് വ്യക്തമാക്കി. അതേസമയം രാജ്യത്ത് നടക്കുന്ന അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാതൊരു പ്രശ്നമില്ലെന്നും സത്യപാൽ മാലിക്ക് പറഞ്ഞു.
2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ 49 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു.
ദേശീയപാത 44ൽ അവന്തി പുരയ്ക്കടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ വാൻ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറുമുണ്ടായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. തുടർന്ന് ഇന്ത്യ തിരിച്ചടിച്ചു. ആക്രമണത്തിന്റെ 12-ാം ദിനം പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തിൽ തകർത്തു.
അതേസമയം, ഭീകരാക്രമണ വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിരമിച്ച അർധസൈനികരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ആത്മാര്‍ഥതയില്ലാത്ത നിലപാടാണ് മോദി സര്‍ക്കാരിനെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ ജന്തർ മന്തറിൽ അഖിലേന്ത്യ കോൺഫെഡറേഷൻ ഓഫ് എക്‌സ് പാരാമിലിട്ടറി മർട്ടിയർ വെൽഫെയർ അസോസിയേഷൻ ധർണ നടത്തി.
സ്വന്തം പാര്‍ട്ടിയാണെങ്കില്‍ പോലും ബിജെപിക്കും മോദിക്കുമെതിരെ നേരത്തെയും വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുള്ള ആളാണ് മുൻ മേഘാലയ ഗവര്‍ണര്‍ കൂടിയായ സത്യപാല്‍ മാലിക്. കർഷക സമര സമയത്തും അദ്ദേഹം മോദിയെ കടന്നാക്രമിച്ചിരുന്നു. മോദിക്ക് ധാര്‍ഷ്ട്യമെന്നായിരുന്നു മാലികിന്‍റെ വിമര്‍ശനം.
പ്രധാനമന്ത്രിയുമായി കര്‍ഷകസമരം ചര്‍ച്ച ചെയ്യാന്‍ പോയിരുന്നെന്നും എന്നാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ തര്‍ക്കിച്ചു പിരിയുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. 500 കര്‍ഷകര്‍ കര്‍ഷകര്‍ മരിച്ചെന്ന് അറിയിച്ചപ്പോള്‍ അവരെനിക്ക് വേണ്ടിയിട്ടാണോ മരിച്ചത് എന്ന പ്രധാനമന്ത്രിയുടെ മറുചോദ്യമാണ് മാലികിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഹരിയാനയിലെ ദാദ്രിയില്‍ നടന്ന പൊതുപരിപാടിയില്‍ മോദിക്കെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തിരുന്നു.