കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സി. രാധാകൃഷ്ണന് ഒരു വോട്ടിന്റെ തോൽവി
|കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷ തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ പാനലിന് പരാജയം
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സി രാധാകൃഷ്ണൻ ഒരു വോട്ടിന് തോറ്റു. കേന്ദ്ര സർക്കാർ പ്രതിനിധി കുമുദ് ശർമയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചത്. ജീവിതത്തിൽ ഇതാദ്യമായാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്നും വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സി. രാധാകൃഷ്ണൻ മീഡിയവണ്ണിനോട് പറഞ്ഞു.
ഹിന്ദി മേഖലയിൽ നിന്നുള്ള സാഹിത്യകാരന്മാരുടെ വോട്ട് കൂടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവൻ നായർ മുമ്പ് പരാജയപ്പെട്ടതു പോലെ ചുരുക്കം വോട്ടുകൾക്കാണ് സി രാധാകൃഷ്ണന്റെയും തോൽവി. ഡൽഹി സർവകലാശാല ഹിന്ദി വിഭാഗം മേധാവിയാണ് മത്സരത്തിൽ വിജയിച്ച കുമുദ് ശർമ. അതേസമയം കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷ തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ പാനൽ പരാജയപ്പെട്ടിരുന്നു. മുൻ വൈസ് പ്രസിഡന്റ് മാധവ് കൗശിക് പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
92 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ 60 പേരുടെ പിന്തുണയോടെയാണ് മാധവ് കൗശിക് വിജയിച്ചത്. കർണാടക സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ മെല്ലെപുരം ജി. വെങ്കിടേഷ സംഘ്പരിവാർ പിന്തുണയോടെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. മാധവ് കൗശികിനെ പ്രസിഡന്റും എഴുത്തുകാരൻ സി. രാധാകൃഷ്ണനെ വൈസ് പ്രസിഡന്റുമാക്കാൻ നേരത്തെ ധാരണയായിരുന്നു. എന്നാൽ, സംഘ്പരിവാർ അനുകൂലികളുടെ പാനൽ അപ്രതീക്ഷിതമായി മത്സരം പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പിലേക്ക് നീണ്ടത്. 92 പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഇതിൽ പത്തുപേർ കേന്ദ്ര സർക്കാർ നോമിനികളുമാണ്. മലയാളികളായ കെ.പി രാമനുണ്ണി, വിജയലക്ഷ്മി എന്നിവർക്കും വോട്ടവകാശമുണ്ടായിരുന്നു.