യു ടേണടിച്ച് കേന്ദ്രം; 'കൗ ഹഗ് ഡേ' പിൻവലിച്ചു
|കഴിഞ്ഞദിവസമാണ് ഏറെ വിവാദമായ ഉത്തരവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.
ന്യൂഡൽഹി: വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14ന് കേന്ദ്രം 'കൗ ഹഗ് ഡേ'യായി ആചരിക്കില്ല. തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറി. കേന്ദ്ര മൃഗക്ഷേമ ബോർഡിന്റേതാണ് തീരുമാനം. പ്രഖ്യാപനം വിവാദമാവുകയും വൻ വിമർശനവും ട്രോളുകളും ഉയർന്ന സാഹചര്യത്തിലുമാണ് കേന്ദ്ര സർക്കാരിന്റെ പിന്മാറ്റം.
കഴിഞ്ഞദിവസമാണ് ഏറെ വിവാദമായ ഉത്തരവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്. പ്രണയ ദിനം കൗ ഹഗ് ഡേയായി ആചരിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര മൃഗക്ഷേമ ബോർഡ്, സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നൽകുമെന്നും അവകാശപ്പെട്ടിരുന്നു.
സർക്കാർ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമാണ് ബോർഡ് നിർദേശം നല്‍കിയിരുന്നത്. ഇന്ത്യൻ സംസ്കാരത്തിന്‍റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നു. തീരുമാനത്തെ പിന്തുണച്ചും ന്യായീകരിച്ചും വിവിധ ബി.ജെ.പി നേതാക്കളും രംഗത്തെത്തുകയും ചെയ്തിരുന്നു.