കേരളത്തിന് ആശ്വാസം; 13,608 കോടി കടമെടുക്കാൻ അനുമതി
|കടമെടുപ്പിന് പരിധിനിശ്ചയിച്ചുകൊണ്ട് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്.
ന്യൂഡൽഹി: കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ അനുമതി. കടമെടുപ്പ് അനുമതി നൽകണമെങ്കിൽ സുപ്രിംകോടതിയിലെ ഹരജി പിൻവലിക്കണമെന്ന നിലപാടാണ് കേന്ദ്രസർക്കാർ ആദ്യം മുന്നോട്ടുവച്ചത്. ഈ നിലപാടിനെ സുപ്രിംകോടതി വിമർശിച്ചു. കേസുമായി കോടതിയെ സമീപിക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
ഈ സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് 31-ന് മുമ്പ് സംസ്ഥാനത്തിന് കടമെടുക്കാൻ അർഹതയുള്ള 13,608 കോടി രൂപ എടുക്കാൻ സംസ്ഥാന സർക്കാരിന് അടിയന്തരമായി അനുമതി നൽകണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി നിർദേശിക്കുകയായിരുന്നു. കടമെടുപ്പിന് പരിധി നിശ്ചയിച്ച് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സ്യൂട്ട് ഹരജി നൽകിയത്.
കേന്ദ്രസർക്കാർ പണം നൽകണമെന്നല്ല സംസ്ഥാനത്തിന്റെ ആവശ്യമെന്ന് വാദത്തിനിടെ കേരളം വ്യക്തമാക്കി. കടമെടുക്കാൻ അനുമതി നൽകണമെന്നതാണ് ആവശ്യം. ഒരുകാലത്ത് 98 ശതമാനം വരെ കടമെടുപ്പിനായിരുന്നു കേന്ദ്രത്തെ ആശ്രയിച്ചത്. ഇപ്പോൾ മൂന്നു ശതമാനത്തിൽ താഴെ മാത്രമാണ് ആവശ്യമുന്നയിക്കുന്നത്. സ്വയംഭരണ സ്ഥാപനങ്ങളുടെ കടവും സംസ്ഥാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയാണെന്നും കേരളം ചൂണ്ടിക്കാട്ടി.