India
ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു; വിവാദ പെർഫ്യൂം പരസ്യം പിൻവലിക്കാൻ കേന്ദ്ര നിർദേശം
India

ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു; വിവാദ പെർഫ്യൂം പരസ്യം പിൻവലിക്കാൻ കേന്ദ്ര നിർദേശം

Web Desk
|
5 Jun 2022 1:18 AM GMT

പരസ്യത്തിനെതിരെ ട്വിറ്റർ ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്

ഡൽഹി: വിവാദത്തിലായ ലെയർ ഷോട്ട് ബോഡി പെർഫ്യൂം പരസ്യം പിൻവലിക്കാൻ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശം. ജൂൺ മൂന്നിനാണ് പരസ്യം യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്ലോഡ് ചെയ്തത്. എന്നാൽ ഇതിന് പിന്നാലെ പരസ്യം ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനം ഉയർന്നു. ഇതോടെയാണ് പിൻവലിക്കാൻ നിർദ്ദേശം നൽകിയത്.

പരസ്യം അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വീഡിയോയുടെ കാഴ്ചക്കാർ പത്ത് ലക്ഷം പിന്നിട്ടിരുന്നു. ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യം എന്ന ഗുരുതര വിമർശനവും പിന്നാലെ ഉയർന്നു. സൂപ്പർ മാർക്കറ്റിൽ ഷോപ്പിങ് നടത്തുകയായിരുന്ന യുവതിയുടെ അരികിലേക്ക് നാല് യുവാക്കൾ കടന്നുവരുന്നതും ദ്വയാർത്ഥത്തിലുള്ള സംഭാഷണം നടത്തുന്നതുമാണ് പരസ്യം. കിടക്കിയിലിരിക്കുന്ന ഒരു യുവതിയുടേയും യുവാവിന്റേയും സമീപത്തേക്ക് നാല് യുവാക്കൾ കടന്നുവരുന്നതും അശ്ലീല ചുവയോടെയെന്ന് തോന്നുന്ന തരത്തിൽ സംസാരിക്കുന്നതുമാണ് മറ്റൊരു പരസ്യം. പരസ്യത്തിനെതിരെ ട്വിറ്റർ ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്.

പരസ്യം വിവാദമായതിന് പിന്നാലെ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ വാർത്താ വിനിമയ മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ചിരുന്നു. ഡൽഹി പൊലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്യാനും മാധ്യമങ്ങളിൽ നിന്ന് പരസ്യം നീക്കാനുള്ള നടപടികൾ സ്വീകരിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Similar Posts