'കേന്ദ്രസർക്കാർ എല്ലാ മാധ്യമങ്ങളെയും വരുതിയിലാക്കാൻ ശ്രമിക്കുന്നു'; വിമർശനവുമായി കപിൽ സിബൽ
|സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ അപ്പീൽ സമിതികൾ രൂപീകരിക്കുന്നതിനായി ഐ.ടി ചട്ടങ്ങളിൽ കഴിഞ്ഞ ദിവസം കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു. ഇതിനെതിരെയാണ് കപിൽ സിബലിന്റെ വിമർശനം.
ന്യൂഡൽഹി: മാധ്യമങ്ങളെ സമ്പൂർണമായി വരുതിയിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് രാജ്യസഭാ എം.പിയും മുൻ ഐ.ടി മന്ത്രിയുമായ കപിൽ സിബൽ. ആദ്യം ടി.വി നെറ്റ്‌വർക്കുകളെ കയ്യടക്കിയ കേന്ദ്രം ഇപ്പോൾ ഐ.ടി നിയമഭേദഗതിയിലൂടെ മാധ്യമങ്ങളെ സമ്പൂർണമായി കാൽക്കീഴിലാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
''ആദ്യം അവർ ടി.വി നെറ്റ്‌വർക്കുകൾ കൈപ്പിടിയിലൊതുക്കി. ഇപ്പോൾ സമൂഹമാധ്യമങ്ങളെയാണ് ഉന്നമിട്ടിരിക്കുന്നത്. എല്ലാതരം മാധ്യമങ്ങളെയും വരുതിയിലാക്കുകയാണ് ആത്യന്തിക ലക്ഷ്യം. ഒറ്റ പെരുമാറ്റച്ചട്ടം, ഒറ്റ രാഷ്ട്രീയ പാർട്ടി, ഒറ്റ ഭരണ സംവിധാനം. ആരോടും ഒന്നിനും മറുപടി നൽകേണ്ട എന്ന സ്ഥിതിയിലേക്കാണ് നമ്മുടെ പോക്ക്. സർക്കാറിന് പരമാവധി സുരക്ഷ, ആളുകൾക്ക് യാതൊരു സുരക്ഷയുമില്ല. ഈ സർക്കാറിന്റെ എല്ലാ നീക്കങ്ങളിലും നിഴലിക്കുന്നത് ഈ നയം തന്നെയാണ്. സാധാരണക്കാരായ പൗരൻമാർക്ക് അഭിപ്രായം പറയാൻ അവശേഷിച്ചിരുന്ന ഏക ഇടം സമൂഹമാധ്യമങ്ങളായിരുന്നു. ഇനിമുതൽ അഭിപ്രായങ്ങൾ അതിരുകടന്നാൽ അവർ വിചാരണ ചെയ്യപ്പെടും''- കപിൽ സിബൽ പറഞ്ഞു.
സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ അപ്പീൽ സമിതികൾ രൂപീകരിക്കുന്നതിനായി ഐ.ടി ചട്ടങ്ങളിൽ കഴിഞ്ഞ ദിവസം കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു. ഇതിനെതിരെയാണ് കപിൽ സിബലിന്റെ വിമർശനം.
ഐ.ടി നിയമങ്ങളുടെ ഭേദഗതി സോഷ്യൽ മീഡിയ കമ്പനികൾക്ക് അവരുടെ പ്ലാറ്റ്ഫോമുകളിൽ നിയമവിരുദ്ധമായ ഉള്ളടക്കമോ തെറ്റായ വിവരങ്ങളോ പോസ്റ്റ് ചെയ്യാതിരിക്കാനുള്ള ശ്രമങ്ങൾ നടത്താൻ കൂടുതൽ കൃത്യമായ ജാഗ്രത ഉണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു.