India
Centre Gujarat govt reluctant to show Bilkis Bano files
India

ബില്‍ക്കീസ് ബാനു കേസിലെ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും വൈമുഖ്യം: പുനഃപരിശോധനാ ഹരജി നല്‍കിയേക്കും

Web Desk
|
19 April 2023 8:19 AM GMT

ഫയലുകൾ കാണിക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു

ഡല്‍ഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിനുള്ള കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാൻ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിന് ഇന്നലെ നിർദേശം നല്‍‌കിയിരുന്നു. എന്നാല്‍ രേഖകൾ ഹാജരാക്കുന്നതിൽ കേന്ദ്ര സർക്കാരും ഗുജറാത്ത് സർക്കാരും വൈമുഖ്യം പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച കോടതി ഉത്തരവിൽ പുനഃപരിശോധന ആവശ്യപ്പെടാനാണ് നീക്കം.

അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവാണ് കേന്ദ്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ക്കായി ഹാജരായത്. ബില്‍ക്കീസ് ബാനുവിന്‍റെ ഹരജി കഴിഞ്ഞ മാസം 27നു പരിഗണിച്ചപ്പോഴാണ് മോചനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. ഈ ഉത്തരവിനെതിരെ പുനഃപരിശോധനാ ഹരജി സമര്‍പ്പിക്കുന്നത് പരിഗണനയിലാണെന്നാണ് എസ്.വി രാജു ഇന്നലെ കോടതിയെ അറിയിച്ചത്. തിങ്കളാഴ്ച വരെ സമയം വേണമെന്ന് എസ്.വി രാജു ബെഞ്ചിനോട് പറഞ്ഞു. സർക്കാരിന് പുനഃപരിശോധന തേടാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ പ്രതികളെ മോചിപ്പിച്ചതിന്‍റെ കാരണങ്ങളും സ്വീകരിച്ച നടപടിക്രമങ്ങളും കോടതിക്ക് കാണണമെന്നും ബെഞ്ച് പറഞ്ഞു.

"ഫയലുകൾ കാണിക്കുന്നതിൽ എന്താണ് പ്രശ്നം? നിങ്ങൾ ഒരുപക്ഷേ നിയമം അനുസരിച്ചായിരിക്കാം പ്രവർത്തിച്ചിട്ടുണ്ടാവുക. പിന്നെ എന്തിനാണ് നിങ്ങൾ മടിക്കുന്നത്?"- സുപ്രിംകോടതി ചോദിച്ചു. ബിൽക്കീസിനു സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാമെന്ന മുന്നറിയിപ്പും ബെഞ്ച് നൽകി. ഇതൊരു സാധാരണ കേസല്ലെന്നും പ്രതികളെ മോചിപ്പിക്കുമ്പോള്‍ കേസിന്‍റെ വ്യാപ്തി പരിഗണിക്കണമായിരുന്നുവെന്നും ജസ്റ്റിസുമാരായ കെ.എം ജോസഫും ബി.വി നാഗരത്നയും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

കേസ് ഇനി മേയ് രണ്ടിനു പരിഗണിക്കും. കേസ് നീട്ടിവയ്ക്കണമെന്ന് സർക്കാരിന്‍റെ അഭിഭാഷകർ ആവശ്യപ്പെട്ടതിൽ കോടതി അനിഷ്ടം അറിയിച്ചു. കേസ് മാറ്റിവയ്ക്കുന്നതിന്റെ തന്ത്രം അറിയാമെന്നായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ പ്രതികരണം.

ഗുജറാത്ത് വംശഹത്യക്കിടെ 2002 മാർച്ച് മൂന്നിനാണ് ബിൽക്കീസ് ബാനുവിനെതിരെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബില്‍ക്കീസിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. മൂന്ന് വയസുകാരിയായ മകളടക്കം കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തി.സ്വാതന്ത്ര്യത്തിന്‍റെ 75ാമത് വാർഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പെന്ന് പറഞ്ഞാണ് ബിൽക്കീസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയത്. ബലാത്സംഗം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഹീനമായ ആക്രമണം എന്നിവ നടത്തുകയും ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത കുറ്റവാളികളെ തുറന്നുവിടുന്നതിനു നിലവിൽ നിയമ തടസമുണ്ട്. 2014ലെ ഈ ഭേദഗതി പരിഗണിക്കാതെയാണ് പ്രതികളെ മോചിപ്പിച്ചതെന്ന് വിമര്‍ശനമുയര്‍ന്നു.

15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിനോട് നിർദേശിക്കുകയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ഗുജറാത്ത് സർക്കാർ ഇവരെ മോചിപ്പിക്കാൻ തീരുമാനിച്ചത്. കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനു സമർപ്പിച്ച ഹരജിയാണ് നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.

Related Tags :
Similar Posts