India
ഓക്സിജന്‍ ലഭിക്കാതെ മരണമുണ്ടായതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; കേന്ദ്രം രാജ്യസഭയിൽ
India

ഓക്സിജന്‍ ലഭിക്കാതെ മരണമുണ്ടായതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; കേന്ദ്രം രാജ്യസഭയിൽ

Web Desk
|
20 July 2021 12:39 PM GMT

രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് കേന്ദ്ര ആരോ​ഗ്യ സഹമന്ത്രി നൽകിയ മറുപടിയിലാണ് ഈ കാര്യമുള്ളത്

കോവിഡ് വ്യാപനത്തിനിടെ ഓക്സിജന്‍ ലഭിക്കാതെ രാജ്യത്ത് മരണമുണ്ടായതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ. രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് കേന്ദ്ര ആരോ​ഗ്യ സഹമന്ത്രി നൽകിയ മറുപടിയിലാണ് ഈ കാര്യമുള്ളത്.

ആരോഗ്യം ഒരു സംസ്ഥാന വിഷയമാണ്. മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വിശദമായ മാർ​ഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതുപ്രകാരം സംസ്ഥാനങ്ങൾ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഓക്സിജന്റെ അഭാവം മൂലമുള്ള മരണങ്ങളൊന്നും സംസ്ഥാനങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചത്.

രണ്ടാം കോവിഡ് തരം​ഗം ഉയർന്ന ഘട്ടത്തിൽ നിരവധിപേരാണ് രാജ്യതലസ്ഥാനത്തടക്കം ഓക്സിജൻ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. ഡൽഹിയിലും ഉത്തർപ്രദേശിലുമടക്കം ഓക്സിജൻ ക്ഷാമത്താൽ നിരവധി കോവിഡ് രോ​ഗികൾ മരിച്ച വാർത്തകൾ അന്തർദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ വിഷയത്തിൽ രാജ്യത്തെ കോടതികളടക്കം രം​ഗത്തുവന്നിരുന്നു.

അതേസമയം ഓക്സിജൻ ലഭിക്കാതെയുള്ള മരണങ്ങൾ സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്തില്ലെന്ന കാരണം പറഞ്ഞ് കൈകഴുകാനുള്ള കേന്ദ്ര നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Similar Posts