കര്‍ഷകരുമായി ഏത് വിധത്തിലുള്ള ചര്‍ച്ചക്കും തയാര്‍, പക്ഷെ നിയമം പിന്‍വലിക്കില്ല: കേന്ദ്ര കൃഷി മന്ത്രി
|ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുമിടയില്‍ സംഘര്‍ഷം രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം
പുതിയ കാര്‍ഷിക നിയമം രാജ്യത്തെ കര്‍ഷകരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചക്ക് തയാറാണെങ്കിലും നിയമം പിന്‍വലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ ഈ കാര്‍ഷിക നിയമത്തെ പിന്തുണക്കുന്നവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുമിടയില്‍ സംഘര്‍ഷം രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. ''കാര്‍ഷിക നിയമം റദ്ദാക്കാനുള്ള ആവശ്യം മാറ്റിനിര്‍ത്തി അവരുമായി ഏത് വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും തയാറാണ്'' ഗ്വാളിയറിലെ കാര്‍ഷിക യൂനിവേഴ്സിറ്റി ഹോസ്റ്റല്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ഷക നിയമങ്ങൾ കർഷകരുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്താൻ പോകുന്നത്. കാര്‍ഷിക വിദഗ്ദരുടെ 30 വര്‍ഷത്തെ പഠനത്തിന്‍റെ ഫലമാണ് ഈ കാര്‍ഷിക നിയമം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരം നടക്കുന്ന സ്ഥലത്തേക്ക് മാരകായുധങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ കടന്നുചെന്നതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് നരേന്ദ്ര സിങ് തോമര്‍ ഒഴിഞ്ഞുമാറി.