മണിപ്പൂർ വീണ്ടും അശാന്തം; ആറ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അഫ്‍സ്പ
|കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്ന ജിരിബാമിൽ ഉൾപ്പടെയാണ് അഫ്‍സ്പ ഏർപ്പെടുത്തിയത്
ഇംഫാൽ: മണിപ്പൂരിൽ അഞ്ച് ജില്ലകളിലെ ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കേന്ദ്രസർക്കാർ വീണ്ടും അഫ്‍സ്പ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്ന ജിരിബാമിൽ ഉൾപ്പടെയാണ് അഫ്‍സ്പ ഏർപ്പെടുത്തിയത്. അസ്ഥിരമായ സാഹചര്യം കണക്കിലെടുത്താണ് വീണ്ടും അഫ്‍സ്പ ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെക്‌മായി, ലംസാങ്, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലാംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്‌പോക്‌പിയിലെ ലെയ്‌മഖോങ്, ബിഷ്‌ണുപൂരിലെ മൊയ്‌റാങ് എന്നിവിടങ്ങളിലാണ് അഫ്‌സ്‌പ ഏർപ്പെടുത്തിയത്. ആക്രമണം വർധിക്കുന്ന ജിരിബാമിൽ 2500 അധിക സൈനികരെ വിന്യസിക്കും. കഴിഞ്ഞ ദിവസമാണ് ജിരിബാമിൽ കുക്കി സായുധ സംഘവും സിആർപിഎഫും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 11 കുക്കികൾ കൊല്ലപ്പെട്ടത്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇപ്പോൾ സായുധ സംഘങ്ങൾ ആക്രമണം നടത്തുന്നത്.
ഈ മാസം മാത്രം 13 മരണങ്ങളാണ് മണിപ്പൂരിൽ റിപ്പോർട്ട് ചെയ്തത്. ജിരിബാമിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം, ജിരിബാമിൽ ചുട്ടുകൊന്ന സ്ത്രീയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയോട്ടിയും എല്ലുകളും പൊട്ടിയതായും ഗുരുതരമായ എട്ട് മുറിവുകൾ ശരീരത്തിലുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്ന് പോസ്റ്റ്‌മോർട്ടത്തിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. 99 ശതമാനവും പൊള്ളലേറ്റതായും റിപ്പോർട്ടിൽ പറയുന്നു.